സൈപ്രസ് പ്രസിഡന്റിന് കശ്മീരി പരവതാനി, ഭാര്യയ്ക്ക് വെള്ളി പഴ്‌സ്; ഇന്ത്യന്‍ കരകൗശല സമ്മാനവുമായി മോദി

നികോസിയ: സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്‌റ്റൊഡുലീഡെസിനും പ്രഥമ വനിത ഫിലിപ്പ കാർസെറയ്ക്കും ഇന്ത്യൻ കരകൗശല പാരമ്പര്യം വിളിച്ചോതുന്ന സമ്മാനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 ഉച്ചകോടിക്ക് കാനഡയിലേക്ക് പോകുന്നതിന് മുന്നോടിയായി രണ്ടു ദിവസത്തെ സൈപ്രസ് സന്ദർശനത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി. ഫിലിപ്പ കാർസെറയ്ക്ക് ഒരു വെള്ളി ക്ലാച്ച് പേഴ്സും നികോസ് ക്രിസ്‌റ്റൊഡുലീഡെസിന് കാശ്മീരി സിൽക്ക് പരവതാനിയുമാണ് അദ്ദേഹം സമ്മാനിച്ചത്.
പരമ്പരാഗത ലോഹപ്പണിയെ ആധുനിക ശൈലിയുമായി സംയോജിപ്പിച്ച് 'റെപുസ്സെ' (repoussé) വിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതാണ് ആന്ധ്രാപ്രദേശിൽ നിന്നുള്ള വെള്ളി ക്ലാച്ച് പഴ്സ്. അമ്പലങ്ങളിലെയും രാജകീയ കലകളിലെയും രൂപകല്പനകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള അതിമനോഹരമായ പുഷ്പാലങ്കാരങ്ങളും പേഴ്സിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പേഴ്സിന്റെ മധ്യഭാഗത്തായി വിലയേറിയ കല്ലും പതിപ്പിച്ചിട്ടുണ്ട്.
വള്ളിപ്പടർപ്പുകളും ജ്യാമിതീയ രൂപങ്ങളും ആലേഖനം ചെയ്തിട്ടുള്ള കടും ചുവപ്പ് നിറത്തിലുള്ള പരവതാനിയാണ് പ്രധാനമന്ത്രി സൈപ്രസ് പ്രസിഡന്റിന് സമ്മാനിച്ചത്. 'ടു-ടോൺ' (two-tone) പ്രഭാവം കാരണം വെളിച്ചത്തിനും കാണുന്ന വശത്തിനും അനുസരിച്ച് പരവതാനിയുടെ നിറം മാറുന്നതായി തോന്നും.
സൈപ്രസിലെ ചരിത്രപ്രസിദ്ധമായ നികോസിയ നഗരം കാണിച്ചുതന്നതിന് സൈപ്രസ് പ്രസിഡന്റിനോട് അദ്ദേഹം നന്ദി പറഞ്ഞു. സൈപ്രസുമായുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
സന്ദർശനത്തിനിടെ, സൈപ്രസിന്റെ പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയസ് III' പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഈ പുരസ്കാരം 140 കോടി വരുന്ന ഇന്ത്യയിലെ ജനതയ്ക്കും അവരുടെ അഭിലാഷങ്ങൾക്കും രാജ്യത്തിന്റെ സാഹോദര്യത്തിനും സംസ്കാരത്തിനും സമർപ്പിക്കുന്നതായും ഈ ബഹുമതി ഇന്ത്യയും സൈപ്രസും തമ്മിലുള്ള ശക്തമായ സൗഹൃദത്തെ പ്രതിഫലിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രണ്ടുദിവസത്തെ സൈപ്രസ് സന്ദർശനത്തിന് ശേഷം, 51-ാമത് ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി കാനഡയിലേക്ക് തിരിച്ചു.
Content Highlights: PM Modi gifted a handcrafted silver purse & Kashmiri carpet during his Cyprus visit