‘ഫോറെവർ ഫാമിലി ഫോൺ പ്ലാൻ’;കോക്പിറ്റുകളിലിരുന്ന് പൈലറ്റുമാരായ അച്ഛന്റെയും മകളുടെയും സ്നേഹസംഭാഷണം വൈറൽ

വാഷിങ്ടൺ: വ്യത്യസ്തവിമാനങ്ങളുടെ കോക്പിറ്റുകളിലിരുന്ന് രണ്ട് പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോൾ ഫ്രീക്വൻസിയിലൂടെ പരസ്പരം കുശലാന്വേഷണം നടത്തിയാലോ. രസകരവും അപൂർവവുമായ ഈ നിമിഷത്തിന് സാക്ഷിയായത് യു.എസിലെ വാഷിങ്ടൺ ഡലസ് അന്താരാഷ്ട്ര വിമാനത്താവളമാണ്. അതിലും മനോഹരമായ കാര്യമെന്തെന്നാൽ, ഈ സ്നേഹസംഭാഷണം അച്ഛനും മകളും തമ്മിലായിരുന്നു എന്നതാണ്.
സെപ്റ്റംബർ ഒന്നിനാണ് സംഭവം. യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 787 വിമാനം ജർമനിയിലെ മ്യൂണിക്കിലേക്ക് പറത്താൻ തയ്യാറെടുക്കുകയായിരുന്നു പൈലറ്റ് കെന്റ് കട്നിക്. തൊട്ടടുത്ത റൺവേയിൽ ന്യൂയോർക്കിലെ സിറാക്യൂസിലേക്ക് പുറപ്പെടാനൊരുങ്ങുന്ന കമ്മ്യൂട്ട് എയർ വിമാനത്തിന്റെ കോക്പിറ്റിലിരിക്കുന്നത് മകൾ കെന്നി കട്നിക്.
എ.ടി.സി.യുമായി സംസാരിക്കുന്നതിനിടെ പരിചിതമായൊരു ശബ്ദം കെന്നി കേട്ടു. അത് അച്ഛന്റേതെന്ന് തിരിച്ചറിയാൻ ഒരു നിമിഷംപോലും വേണ്ടിവന്നില്ല. “അച്ഛനല്ലേ?”യെന്ന് അവൾ ചോദിച്ചു. മകളുടെ ശബ്ദം കേട്ടപാടേ ‘ഹലോ നീയെവിടെ എന്ന്’ കെന്റും തിരിച്ചുചോദിച്ചു. തുടർന്ന് എ.ടി.സി. ഫ്രീക്വൻസിയിലൂടെ ഹ്രസ്വമായ സ്നേഹനിമിഷങ്ങൾ. അവരുടെയും കേട്ടുനിന്ന കൺട്രോൾറൂം ജീവനക്കാരുടെയും മനസ്സുനിറഞ്ഞു.
റൺവേ വൺ-റൈറ്റിൽ ടേക്ക് ഓഫിന് തയ്യാറെടുക്കുകയാണെന്ന് പറഞ്ഞ കെന്നി, അച്ഛന് സുരക്ഷിത യാത്രനേർന്നു. 45 സെക്കൻഡ്മാത്രം നീണ്ട സംഭാഷണം കേട്ട് കൗതുകംപൂണ്ട എയർ ട്രാഫിക് കൺട്രോളറും ഇടക്കുകയറി. മകൾ പൈലറ്റായതിൽ അഭിമാനമുണ്ടോ എന്നു കെന്റിനോടുചോദിച്ചു. ഒരുപരിധിവരെയെന്നായിരുന്നു തമാശകലർത്തിയുള്ള മറുപടി. മകൾ ഇപ്പോഴും വീട്ടിലാണോ താമസമെന്നും ചോദിച്ചു.
മകൾ മാറിത്താമസിക്കുന്നുണ്ടെങ്കിലും കുടുംബത്തിന്റെ ‘ഫാമിലി സെൽ ഫോൺ പ്ലാനി’ലാണ് ഇപ്പോഴുമുള്ളതെന്ന് കെന്റ് പറഞ്ഞു. എ.ടി.സി.യിൽ ചിരിപടർന്നു. വിവാഹം കഴിക്കുംവരെ മകളെ കുടുംബ ഫോൺ പ്ലാനിൽ തന്നെ നിലനിർത്തിയേക്കണേയെന്ന് കൺട്രോളറും തിരിച്ച് തമാശ പറഞ്ഞു. അതിന് “ഞാൻ ഇപ്പോഴും സിംഗിളാണെന്നായിരുന്നു കെന്നിയുടെ മറുപടി. ‘എന്നേക്കുമായുള്ള ഫാമിലി ഫോൺ പ്ലാൻ’ എന്ന പേരിൽ ഈ ശബ്ദരേഖ യുണൈറ്റഡ് എയർലൈൻസ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു.
Content Highlights: A pilot father and daughter working for different airlines communicated via air traffic control frequency., The heartwarming conversation took place at Washington Dulles International Airport on September 1st., United Airlines shared the 45-second audio clip on social media under the title 'Forever Family Cell Phone Plan'.