യു.എസ്സിൽ 65 യാത്രികരുമായി വിമാനം നദിയില്‍ വീണെന്ന് സംശയം; അപകടം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച്

വിമാനം തകരുന്ന ദൃശ്യം, പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
വിമാനം തകരുന്ന ദൃശ്യം, പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച യാത്രാ വിമാനം നദിയിൽ പതിച്ചതായി സംശയം. ബുധനാഴ്ച രാത്രി അമേരിക്കന്‍ സമയം 9.30 ഓടെ വാഷിങ്ടണ്‍ റീഗണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് സംഭവം. റീഗന്‍ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ എത്രപേര്‍ മരണപ്പെട്ടു എന്ന് വ്യക്തതയില്ലെന്ന് ടെക്‌സാസ് സെനറ്റര്‍ ടെഡ് ക്രൂസ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. വിമാനത്തിൽ 65 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കാന്‍സസില്‍ നിന്ന് വാഷിങ്ടണ്‍ റീഗണ്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു വിമാനമെന്നാണ് വിവരം.

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ - 700 വിമാനവും അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിയിടിച്ചതായി അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ ഹെലിക്കോപ്റ്ററും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അമേരിക്കന്‍ സൈന്യവും സ്ഥിരീകരിച്ചു. വിമാനം സമീപത്തെ നദയിലേക്ക് വീണെന്നാണ് പ്രാഥമിക നിഗമനം. 

അപകടം നടന്ന സ്ഥലത്ത് തിരച്ചില്‍ പുരോഗമിക്കുന്നു | Photo: AP

വിമാനത്താവളത്തിന് സമീപത്തുള്ള പോടോമാക് നദിയുടെ തീരത്ത് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. വിമാനം ലാന്‍ഡ് ചെയ്തതിന്റെ തെളിവുകളൊന്നും ഇല്ലെന്നും നദിയില്‍ വീണിരിക്കാനാണ് സാധ്യതയെന്നുമാണ് അന്താരാഷ്ട്ര് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2009 ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇതെന്നാണ് സൂചന. അപകടത്തെ കുറിച്ച് വിവരം ലഭിച്ചതായും വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയും വ്യക്തമാക്കി. വിഷയത്തില്‍ അമേരിക്കന്‍ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Content Highlights: passenger plane collides with chopper near washington airport