ഗാസയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം; പാര്‍ലെ-ജിയ്ക്ക് 2,342 രൂപ, പലതിനും നല്‍കേണ്ടത് അഞ്ഞൂറിരട്ടി വില

ന്യൂഡല്‍ഹി: രുചിയും വിലക്കുറവുമാണ് പാര്‍ലെ-ജി ബിസ്‌കറ്റിനെ ഇന്ത്യന്‍ വിപണിയില്‍ ഇത്രത്തോളം പ്രിയങ്കരമാക്കിയത്. ഭൂരിഭാഗം ഇന്ത്യക്കാരുടേയും കുട്ടിക്കാല ഓര്‍മ്മകളിലും ചായയുടെ ഇടവേളകളിലും വിലക്കുറവില്‍ ലഭ്യമാകുന്ന ഈ ബിസ്‌കറ്റ് ചെറുതല്ലാത്ത സ്ഥാനം നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഏറെ വിലക്കുറവില്‍ ലഭ്യമാകുന്ന പാര്‍ലെ-ജി യുദ്ധക്കെടുതിയില്‍ വലയുന്ന ഗാസയിലെ ജനതയ്ക്ക് ഒരു ആഡംബര വസ്തുവാണ്. ബിസ്‌കറ്റ് മാത്രമല്ല പല ഭക്ഷ്യവസ്തുക്കളും വാങ്ങാന്‍ വന്‍തുകയാണ് നല്‍കേണ്ടി വരുന്നത്. പലതിനും യഥാര്‍ഥവിലയുടെ 500 ഇരട്ടിവരെയാണ് വില ഈടാക്കുന്നത്.
ഗാസയിലെ മുഹമ്മദ് ജവാദ് എന്ന വ്യക്തി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോള്‍ വൈറലാണ്. പോസ്റ്റില്‍ ജവാദ് അവകാശപ്പെടുന്നത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍ലെ കമ്പനിയുടെ ബിസ്‌കറ്റ് ഗാസയില്‍ വില്‍ക്കുന്നത് 24 യൂറോയിലും അധികം തുകയിലാണെന്നാണ്. ഏകദേശം 2,342 രൂപവരുമിത്. തന്റെ മകളുടെ പ്രിയപ്പെട്ട ഭക്ഷണമായതിനാല്‍ വില വര്‍ധിച്ചിട്ടും വാങ്ങിക്കൊടുത്തതായും ജവാദ് പറയുന്നു.
ഗാസയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യവസ്തുക്കളുമായെത്തുന്ന വളരെ കുറച്ച് ട്രക്കുകള്‍ മാത്രമാണ് ഗാസയിലേക്ക് കടത്തിവിടുന്നത്. യുഎസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി പിന്തുണ നല്‍കുന്ന ഒരു ഭക്ഷ്യവിതരണസംവിധാനം ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ മേയ് 27 ന് ആരംഭിച്ചിട്ടുണ്ട്. എങ്കിലും കരിഞ്ചന്തകളും പൂഴ്ത്തിവെയ്പും ഗാസയില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുകയാണ്.
മാനുഷികസഹായമായി സൗജന്യമായാണ് പാര്‍ലെ-ജിയും മറ്റും ഗാസയിലെത്തുന്നതെങ്കിലും ആ സൗജന്യം പരിമിതഎണ്ണം ആള്‍ക്കാര്‍ക്ക് മാത്രമേ അനുഭവിക്കാനാകുന്നുള്ളൂ. പലയിടങ്ങളില്‍ പല വിലകളിലാണ് വസ്തുക്കള്‍ വിപണിയില്‍ ലഭിക്കുന്നത്. ഗാസയിലെ വിപണിയില്‍ ചില അത്യാവശ്യസാധനങ്ങളുടെ വിലയിങ്ങനെയാണ്. ജൂണ്‍ ആറിന് നിലവിലുള്ള വിലവിവരമാണിത്.
1 കിലോ പഞ്ചസാര- 4,914 രൂപ
1 ലിറ്റര്‍ പാചകഎണ്ണ- 4,177 രൂപ
1 കിലോ ഉരുളക്കിഴങ്ങ്- 1,965 രൂപ
1 കിലോ ഉള്ളി- 4,423 രൂപ
Content Highlights: Parle-G biscuits, a staple in India, cost a shocking 2342 rupees in Gaza due to food shortages