താപനില മൈനസില്‍; ബാല്‍ക്കണിയില്‍ ഉറക്കാന്‍ കിടത്തിയ കുഞ്ഞിന് ദാരുണാന്ത്യം
മോസ്‌കോ: ബാല്‍ക്കണിയില്‍ ഉറക്കാന്‍ കിടത്തിയ കുഞ്ഞ് അതിശൈത്യം കാരണം മരിച്ചു. ഏഴുമാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞാണ് മാതാപിതാക്കളുടെ അശ്രദ്ധകാരണം മരിച്ചത്. റഷ്യയില്‍ കിഴക്കന്‍ നഗരമായ ഖബറോസ്‌കിലായിരുന്നു ദാരുണ സംഭവം.
നല്ല ശുദ്ധവായു കിട്ടുന്ന സ്ഥലത്ത് ഉറക്കാന്‍ കിടത്തിയാല്‍ കുഞ്ഞുങ്ങള്‍ വേഗം ഉറങ്ങുമെന്നാണ് തണുപ്പേറിയ മേഖലകളിലുള്ളവര്‍ കരുതുന്നത്. ഇതേ അബദ്ധം തന്നെയാണ് ഖബറോസ്‌കിലെ ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കും സംഭവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം അഞ്ചുമണിക്കൂറോളമാണ് -7 ഡിഗ്രി താപനിലയുള്ള പ്രദേശത്ത് കുഞ്ഞ് ബാല്‍ക്കണിയില്‍ കിടന്നത്. ഇതിനിടെ ഹൈപ്പോതെര്‍മിയ ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
കുഞ്ഞിന്റെ മരണത്തില്‍ ക്രിമിനല്‍ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് വിവരം. അതേസമയം, സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പ്രായമായവരെയും കുഞ്ഞുങ്ങളെയും ഒരിക്കലും ഇത്തരത്തില്‍ വീടിന് പുറത്ത് നിര്‍ത്തരുതെന്നും കുഞ്ഞ് എവിടെയാണെന്ന് മാതാപിതാക്കള്‍ എപ്പോഴും അറിഞ്ഞിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: parents left baby in balcony, freezes to death in russia
Content Highlights: