‘അജ്ഞാത തോക്കുധാരികളെ’ ഭയം! ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി പാകിസ്താൻ

ജമ്മു: ലഷ്കറെ തൊയ്ബ തലവൻ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ എന്നിവരെ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ. അതീവ സുരക്ഷയുള്ള പുതിയ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് വീണ്ടും ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ഈ നീക്കം. കൂടാതെ, പാകിസ്താനിൽ ഇന്ത്യക്കെതിരെ പ്രവർത്തിച്ചിരുന്ന ഭീകരരെ വധിച്ച 'അജ്ഞാത തോക്കുധാരികളെ'ക്കുറിച്ചുള്ള ഭയവും പാക് ഏജൻസിയെ ഇതിന് പ്രേരിപ്പിച്ചതായി രഹസ്യാന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഹാഫിസ് സയീദിനെ ലാഹോറിലെ ജോഹർ ടൗണിൽ നിന്നാണ് റാവൽപിണ്ടിയിലുള്ള ഗാരിസൺ ഗ്രൗണ്ട് മേഖലയിലേക്ക് മാറ്റിയത്. പാകിസ്താൻ സൈനിക ആസ്ഥാനത്തിന് തൊട്ടടുത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. നിലവിൽ സംഘടനയിലെ അംഗങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് സയീദ് നിർത്തിവെച്ചിരിക്കുകയാണ്. ഓഡിയോ സന്ദേശങ്ങൾ വഴി മാത്രമാണ് അനുയായികളോട് സംസാരിക്കുന്നത്.
ഭീകരവാദത്തിന് ഫണ്ട് നൽകിയ കേസുകളിൽ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിൽ സയീദ് ശിക്ഷ അനുഭവിക്കുകയാണെന്നാണ് പാകിസ്താൻ അവകാശപ്പെടുന്നത്. എന്നാൽ ഇത് കണ്ണിൽ പൊടിയിടാനുള്ള തട്ടിപ്പ് മാത്രമാണെന്നും ഇയാൾ രഹസ്യ കേന്ദ്രത്തിൽ സുഖമായി കഴിയുകയാണെന്നും രഹസ്യാന്വേഷണ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു. ഇയാളുടെ സുരക്ഷ വർധിപ്പിക്കുകയും നീക്കങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ജെയ്ഷെ തലവൻ മസൂദ് അസ്ഹറിനെ സിന്ധ് പ്രവിശ്യയിലെ നവാബ്ഷായിലുള്ള രഹസ്യ കേന്ദ്രത്തിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 'ഓപ്പറേഷൻ സിന്ദൂർ' ആക്രമണത്തിൽ ബഹാവൽപൂരിലെ ജെയ്ഷെ ആസ്ഥാനത്തിന് കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു. ഇതിനുശേഷം സംഘത്തെ പുനഃസംഘടിപ്പിക്കാൻ ജെയ്ഷെ മുഹമ്മദ് പ്രയാസപ്പെടുകയാണ്. അസ്ഹറും അനുയായികളുമായുള്ള നേരിട്ടുള്ള സമ്പർക്കം നടത്തുന്നില്ല. മുതിർന്ന ചില കമാൻഡർമാർ ഉൾപ്പെടുന്ന ചെറിയൊരു സംഘവുമായി മാത്രമാണ് ഇയാൾ നിലവിൽ ആശയവിനിമയം നടത്തുന്നത്.
26/11 മുംബൈ ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയിലെ നിരവധി ആക്രമണങ്ങളിൽ പങ്കുള്ള ഹാഫിസ് സയീദിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. പുൽവാമ, പത്താൻകോട്ട്, ഇന്ത്യൻ പാർലമെന്റ് ആക്രമണം എന്നിവയുടെ പ്രധാന സൂത്രധാരനായ അസ്ഹറിനെയും ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവരെയും കഴിഞ്ഞ ആഴ്ചയാണ് രഹസ്യമായി പുതിയ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ഇരുവരും നിലവിൽ ജയിലിലല്ലെന്നും പാക് രഹസ്യാന്വേഷണ ഏജൻസിയുടെ നേരിട്ടുള്ള സുരക്ഷാ കവചത്തിലാണെന്നുമാണ് റിപ്പോർട്ടുകൾ.
Content Highlights: Pakistan's ISI has relocated top global terrorists Hafiz Saeed and Masood Azhar to heavily guarded secret locations due to mounting security fears and threats from unknown gunmen.