ഇന്ത്യ അയൽക്കാർ, ഒരുമിച്ച് ജീവിക്കാൻ പഠിക്കണം- ഗാസാപ്രസംഗത്തിൽ കശ്മീരിനെ പരാമർശിച്ച് ഷഹബാസ് ഷരീഫ്

ലണ്ടൻ: ലണ്ടനിൽ ഗാസായുദ്ധത്തെക്കുറിച്ച് സംസാരിക്കവേ, കശ്മീർ വിഷയം പ്രതിപാദിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. കശ്മീരിൽ സമാധാനം സ്ഥാപിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണെന്ന് പാക് സമൂഹത്തെ അഭിസംബോധനചെയ്തുകൊണ്ട് ഷഹബാസ് പറഞ്ഞു.
കശ്മീർ വിഷയം പരിഹരിക്കാതെ ഇന്ത്യയും പാകിസ്താനും തമ്മിൽ നല്ല ബന്ധമുണ്ടാകുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവർ മൂഢസ്വർഗത്തിലാണ് ജീവിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
“ഇന്ത്യയും പാകിസ്താനും അയൽക്കാരാണ്. ഒരുമിച്ച് സഹവർത്തിത്വത്തോടെ ജീവിക്കാൻ നാം പഠിക്കണം. പക്ഷേ, കശ്മീർ വിഷയം പരിഹരിക്കാതെ ബന്ധം സാധാരണനിലയിലാവുകയില്ല. കശ്മീരികളുടെ രക്തം വെറുതേയാകില്ല.”-ഷഹബാസ് പറഞ്ഞു. സഹകരണമുള്ള അയൽക്കാരാകുന്നതിനുപകരം തർക്കപരമായ സ്വഭാവമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി.
Content Highlights: Pakistan PM Sharif Links Kashmir to Gaza