'ജനാധിപത്യത്തിന്റെ മുഖംമൂടിയിട്ട സൈനിക ഭരണം വരും', പാകിസ്താനിൽ അട്ടിമറിയുണ്ടാകുമെന്ന് അഭ്യൂഹം

#ന്യൂസ് ഡെസ്ക്
പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് (ഇടത്), കരസേനാ മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ (വലത്) | AP
പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് (ഇടത്), കരസേനാ മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ (വലത്) | AP

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടുമൊരു സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നുവെന്ന് അഭ്യൂഹങ്ങൾ. പാകിസ്താനിലെ ഭരണസംവിധാനം പൂർണ്ണമായും തകർന്നെന്ന് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വിയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് ഈ അഭ്യൂഹങ്ങൾ ശക്തിപ്പെട്ടത്. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് നഖ്വി അറിയപ്പെടുന്നത്. നഖ്‌വിയുടെ നാവിൽ നിന്ന് തന്നെ നിലവിലെ സിവിലിയൻ ഭരണകൂടം പരാജയപ്പെട്ടുവെന്ന പ്രസ്താവന വന്നതാണ് ഇതിനൊക്കെ ആധാരം.

പാകിസ്താന്റെ ഭരണസംവിധാനം തകർന്നു കഴിഞ്ഞുവെന്നും പഴയതുപോലെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നുമാണ് നഖ്വി പ്രസ്താവിച്ചത്. മുനീറിന്റെ വക്താവായാണ് നഖ്വി അറിയപ്പെടുന്നത് എന്നതിനാൽ, ഈ പ്രസ്താവന സൈനിക അട്ടിമറിയുടെ മുന്നോടിയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

നിലവിൽ പാകിസ്താന്റെ സർവ്വാധികാരിയായി ഫീൽഡ് മാർഷൽ ആസിം മുനീർ മാറിയിരിക്കുകയാണ്. ജനസംഖ്യാ നിയന്ത്രണം, ആണവ കമാൻഡ്, സുരക്ഷ, നയതന്ത്രം തുടങ്ങി ഭരണത്തിന്റെ എല്ലാ മേഖലകളിലും മുനീറാണ് തീരുമാനങ്ങൾ എടുക്കുന്നത്. പ്രധാനമന്ത്രി ഷഹബാസ്‌ ഷരീഫ് ഭരണത്തിലുണ്ടെങ്കിലും യഥാർത്ഥ അധികാരം സൈന്യത്തിന്റെ കൈകളിലാണെന്നാണ് റിപ്പോർട്ടുകൾ. നിർണായകമായ തീരുമാനങ്ങളെടുക്കുന്ന വേദികളിൽ പാക് പ്രധാനമന്ത്രിക്കൊപ്പം മുനീറിന്റെ സാന്നിധ്യമുണ്ടായതോടെയാണ്‌ ഭരണത്തിൽ പാക് സൈന്യം പിടിമുറുക്കുന്നുവെന്ന് വ്യക്തമായത്.

നിലവിലെ രാഷ്ട്രീയ ക്രമം മാറ്റി പുതിയൊരു സംവിധാനം കൊണ്ടുവരാൻ സൈന്യം പദ്ധതിയിടുന്നതായി മുൻ സൈനിക ഉദ്യോഗസ്ഥനായ ആദിൽ രാജ അവകാശപ്പെട്ടു. ഇതനുസരിച്ച് ജനാധിപത്യത്തിന്റെ മുഖംമൂടി അണിഞ്ഞുള്ള സൈനിക ഭരണകൂടമാകും വരിക. ആസിം മുനീർ പ്രസിഡന്റും മൊഹ്സിൻ നഖ്വി പ്രധാനമന്ത്രിയുമായി മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക തകർച്ച, ബലൂചിസ്ഥാനിലെയും ഖൈബർ പഖ്തുൺഖ്വയിലെയും വിമത നീക്കങ്ങൾ, ഭരണവിരുദ്ധ വികാരം തുടങ്ങിയ കടുത്ത പ്രതിസന്ധികളിലൂടെയാണ് പാകിസ്താൻ ഇപ്പോൾ കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തിൽ നേരിട്ടുള്ള സൈനിക ഭരണം ഏർപ്പെടുത്താൻ സൈന്യത്തിന് മേൽ സമ്മർദ്ദമുണ്ടെന്നാണ് പറയപ്പെടുന്നത്. ആഭ്യന്തര പ്രശ്‌നങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന പശ്ചാത്തലത്തിൽ മുനീർ നേരിട്ട് ഭരണം ഏറ്റെടുത്ത് സൈനിക നിയമം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് വിരമിച്ച ഇന്ത്യൻ ആർമി മേജർ ജനറൽ സി.എം. സേത്ത് വിലയിരുത്തുന്നു. 1947-ന് പാകിസ്താൻ രൂപീകൃതമായതിന് ശേഷം നാല് തവണ പാകിസ്താനിൽ സൈനിക അട്ടിമറികൾ നടന്നിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ അഞ്ചാമതൊരു അട്ടിമറിയിലേക്ക് നീങ്ങുകയാണോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Content Highlights: Interior Minister Mohsin Naqvi signaled the collapse of the current civilian administration., Field Marshal Asim Munir is consolidating control over nuclear command, security, and diplomacy., Speculation of a new system replacing democracy with a military-backed regime., Economic turmoil and insurgencies in Balochistan are pressuring the military to take direct control., Experts warn of a potential fifth military coup in Pakistan's history.