ഹൂതി ഭീഷണികൾക്കിടയിൽ സൗദിയിലേക്ക് കൂടുതൽ പാക് സൈനികരെത്തുന്നു; വ്യോമപ്രതിരോധ സംവിധാനങ്ങളും അയച്ചു

#ന്യൂസ് ഡെസ്ക്
പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സല്‍മാനും |ഫോട്ടോ:AP
പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സല്‍മാനും |ഫോട്ടോ:AP

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സുരക്ഷാ ഭീഷണികൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യയ്ക്കുള്ള സൈനിക സഹായം പാകിസ്താൻ ഉയർത്തിയതായി റിപ്പോർട്ട്. റിയാദിലെ പ്രധാന നഗരങ്ങളുടെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈലുകൾ, റോക്കറ്റുകൾ, തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകൾ എന്നിവയടങ്ങിയ പ്രതിരോധ ഉപകരണങ്ങളും കൂടുതൽ സൈനികരെയും പാകിസ്താൻ സൗദിയിലേക്ക് അയച്ചുതുടങ്ങിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

സൈനിക ഉപകരണങ്ങളും സൈന്യത്തെയും സൗദിയിലേക്ക് എത്തിക്കുന്നതിനായി പാകിസ്താൻ വ്യോമസേനയുടെ ഗതാഗത വിമാനങ്ങളും മിലിറ്ററി കാർഗോ ഫ്ലൈറ്റുകളും തുടർച്ചയായി സർവീസ് നടത്തുന്നുണ്ട്. പാകിസ്താൻ വ്യോമസേനയുടെ ഐ.എൽ-78 (IL-78) ഏരിയൽ റീഫ്യുവലിങ് വിമാനം സൗദി വ്യോമാതിർത്തിയിൽ പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ട്.

2025 സെപ്റ്റംബറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 'സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് അഗ്രിമെന്റ്' പ്രകാരമാണ് ഈ സൈനിക ഉപകരണങ്ങളും സഹായങ്ങളും പാകിസ്താൻ സൗദിക്ക് കൈമാറുന്നത്. ഈ കരാർ പ്രകാരം ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം ഇരുരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കാനാണ് പാകിസ്താനും സൗദി അറേബ്യയും ധാരണയിലെത്തിയിട്ടുള്ളത്.

ദശകങ്ങളായി സൗദി അറേബ്യയിൽ പാകിസ്താൻ സൈനിക സാന്നിധ്യമുണ്ടെങ്കിലും, പരിശീലനത്തിലും പ്രതിരോധ സഹകരണത്തിലും മാത്രമായിരുന്നു മുൻപ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ, യെമനിലെ ഹൂതി ഭീഷണികൾ ഉൾപ്പെടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്ക് നേരെയുയരുന്ന ആക്രമണങ്ങൾ തടയാനായി ചെറു സംഘങ്ങളായി കൂടുതൽ പാക് സൈനികരെ സൗദിയിലേക്ക് വിന്യസിച്ചുവരികയാണ്.