ഓപ്പറേഷൻ സിന്ദൂർ തുടരുമെന്ന മുന്നറിയിപ്പ്; നിയന്ത്രണരേഖയിൽ കൂടുതൽ വ്യോമപ്രതിരോധമൊരുക്കി പാകിസ്താൻ

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിനിടയിലെ ഇന്ത്യൻ ആക്രമണങ്ങളിൽ ഭയന്നുപോയ പാകിസ്താൻ നിയന്ത്രണ രേഖയിൽ കൂടുതൽ പ്രതിരോധ സംവിധാനങ്ങളൊരുക്കുന്നതായി റിപ്പോർട്ട്. നിയന്ത്രണ രേഖയ്ക്കടുത്ത് പാക് അധീന കശ്മീരിന്റെ മുൻനിര പ്രദേശങ്ങളിൽ പാകിസ്താൻ കൂടുതൽ കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ വിന്യസിച്ചിരിക്കുകയാണ്. റാവലക്കോട്ട്, കോട്ലി, ഭീംബർ സെക്ടറുകൾക്ക് എതിർവശത്ത് പാകിസ്താൻ പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിച്ചതായി ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.
നിയന്ത്രണരേഖയിൽ 30-ലധികം ഡ്രോൺ പ്രതിരോധ യൂണിറ്റുകളും പാകിസ്താൻ വിന്യസിച്ചതായും ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. കോട്ലി-ഭീംബർ ബ്രിഗേഡുകളെ നിയന്ത്രിക്കുന്ന 23-ാമത് ഇൻഫൻട്രി ഡിവിഷനോടൊപ്പം, മുറീ ആസ്ഥാനമായി പ്രവർത്തിക്കുന്ന 12-ാമത് ഇൻഫൻട്രി ഡിവിഷനു കീഴിലാണ് പാകിസ്താൻ ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള വ്യോമാതിർത്തി നിരീക്ഷണവും ഇലക്ട്രോണിക് യുദ്ധോപകരണ ശേഷികളും ശക്തിപ്പെടുത്താനുള്ള പാകിസ്താന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
റാവൽക്കോട്ടിലെ കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നത് പൂഞ്ച് സെക്ടറിലെ ഇന്ത്യൻ പ്രദേശങ്ങൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളുടെ ചുമതലയുള്ള സെക്കൻഡ് ആസാദ് കശ്മീർ ബ്രിഗേഡാണ്. കോട്ലിയിലെ ചുമതല തേഡ് ആസാദ് കശ്മീർ ബ്രിഗേഡിനും. ഇവരുടെ പ്രവർത്തന മേഖലയിൽ രജൗരി, പൂഞ്ച്, നൗഷേര, സുന്ദർബാനി എന്നീ സെക്ടറുകൾ ഉൾപ്പെടുന്നു. ഭീംബർ മേഖല കൈകാര്യം ചെയ്യുന്നത് ഏഴാമത്തെ ആസാദ് കശ്മീർ ബ്രിഗേഡാണെന്നും ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന ഇന്ത്യയുടെ മുന്നറിയിപ്പും പടിഞ്ഞാറൻ അതിർത്തിയിലെ ഇന്ത്യയുടെ സൈനിക നീക്കങ്ങളിലെ വർധനവും പാകിസ്താനെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇക്കാരണത്താൽ ഒരു മുൻകരുതലെന്ന നിലയ്ക്കാണ് അതിർത്തിയിൽ പാകിസ്താൻ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
Content Highlights: Pakistan reinforces its border defenses with advanced anti-drone systems along the Line of Control, raising concerns amid fears of a renewed `Operation Sindoor`.