അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞു; പെട്രോളിന് 74 രൂപയും ഡീസലിന് 67 രൂപയും കുറച്ച് പാകിസ്താൻ

#ന്യൂസ് ഡെസ്ക്
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് | Photo: AFP
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് | Photo: AFP

ഇസ്ലാമാബാദ്: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതിന്റെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പാകിസ്താനിൽ ഇന്ധനവില കുറച്ച് സർക്കാർ. പെട്രോൾ ലിറ്ററിന് 74 രൂപയും (പാകിസ്താനി രൂപ) ഹൈ സ്പീഡ് ഡീസലിന് 67 രൂപയുമാണ് കുറച്ചത്. ഇതുസംബന്ധിച്ച ഉത്തരവ്  പാകിസ്താൻ സർക്കാർ പുറത്തിറക്കി.

ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്നതോടെ പെട്രോൾ വില ലിറ്ററിന് 299.78 രൂപയായും ഡീസൽ വില 311.78 രൂപയായും കുറയും. നേരത്തെ ഇത് യഥാക്രമം 373.78 രൂപയും 378.78 രൂപയുമായിരുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതും ആഗോളതലത്തിൽ എണ്ണവില കുറഞ്ഞതുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ജനങ്ങൾ പ്രകടിപ്പിച്ച അസാധാരണമായ ക്ഷമയെയും സർക്കാരിൽ അർപ്പിച്ച വിശ്വാസത്തെയും പാക് പ്രധാനമന്ത്രി അഭിനന്ദിച്ചു.

സ്വകാര്യ വാഹനങ്ങൾക്കും റിക്ഷകൾക്കും ഉപയോഗിക്കുന്ന പെട്രോളിന്റെ വില കുറയുന്നത് ഇടത്തരക്കാർക്കും സാധാരണക്കാർക്കും ആശ്വാസമാകുമെന്നും ഗതാഗത-വൈദ്യുതി മേഖലകളെ ബാധിക്കുന്ന ഡീസൽ വിലയിലെ കുറവ് പൊതുജനങ്ങൾക്ക് ഗുണകരമാകുമെന്നും ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. കഴിഞ്ഞ മാർച്ച് മുതൽ പാകിസ്താൻ കടുത്ത ഇന്ധന പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിരുന്നത്. ഏപ്രിൽ മൂന്നിന് പെട്രോൾ വില ലിറ്ററിന് 458.4 രൂപയായും ഡീസൽ വില 520.35 രൂപയായും വർധിച്ച് റെക്കോർഡ് നിലവാരത്തിൽ എത്തിയിരുന്നു. 

രാജ്യത്തെ സാമ്പത്തിക സ്ഥിരത നിലനിർത്താൻ ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകൾ ഏകോപനത്തോടെയാണ് പ്രവർത്തിച്ചതെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഇസ്‌ലാമാബാദ് ധാരണാപത്രം യാഥാർത്ഥ്യമാക്കുന്നതിനും മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനും അശ്രാന്ത പരിശ്രമം നടത്തിയ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. കൂടാതെ, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രയത്നിച്ച ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് എന്നിവരടങ്ങുന്ന മന്ത്രിസഭാ അംഗങ്ങളുടെ നയതന്ത്ര-സാമ്പത്തിക ഇടപെടലുകളെയും അദ്ദേഹം പ്രശംസിച്ചു.

Content Highlights: Significant reduction in petrol and diesel prices by the Pakistan government., Petrol price reduced to 299.78 PKR and Diesel to 311.78 PKR., Global oil market stabilization and US-Iran peace deal cited as primary factors., Government emphasizes relief for middle-class and transport sectors., Appreciation of the economic team and military leadership for stability efforts.