'ഇന്ത്യ ആക്രമിച്ചേക്കാം, ജാഗ്രത പാലിക്കണം'; യുദ്ധസാധ്യത തള്ളിക്കളയാനാവില്ലെന്ന് പാക് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂറിനിടെ സംഘര്‍ഷം വര്‍ധിച്ചതിനാല്‍ ഇന്ത്യയുമായി സമ്പൂര്‍ണ്ണ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. രാജ്യത്തിന് നേരെയുള്ള അഫ്ഗാന്‍ ആക്രമണങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
''ഞങ്ങള്‍ ഒരു സാഹചര്യത്തിലും ഇന്ത്യയെ അവഗണിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല. അതിര്‍ത്തി ലംഘനങ്ങളോ (അഫ്ഗാനില്‍ നിന്നുള്ള) ആക്രമണങ്ങളോ ഉള്‍പ്പെടെ ഇന്ത്യയില്‍നിന്നുള്ള ഒരു സമ്പൂര്‍ണ്ണ യുദ്ധമോ ശത്രുതാപരമായ തന്ത്രങ്ങളോ തള്ളിക്കളയാന്‍ എന്റെ വിശകലനമനുസരിച്ച് കഴിയില്ല. നാം പൂര്‍ണ്ണ ജാഗ്രത പാലിക്കണം.' പാക് മന്ത്രി പറഞ്ഞു.
പാകിസ്താനില്‍ നടന്ന രണ്ട് ചാവേര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ അഫ്ഗാന്‍ പൗരന്മാരാണെന്ന് ആരോപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിരോധമന്ത്രിയുടെ ഈ പ്രസ്താവന. സഖ്യകക്ഷികളായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ആക്രമിക്കുന്ന ഇസ്ലാമിക തീവ്രവാദികളെ അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം പിന്തുണയ്ക്കുന്നുവെന്ന ആരോപണവും പാകിസ്താന്‍ ആവര്‍ത്തിച്ചു.
കഴിഞ്ഞയാഴ്ച ഇസ്ലാമാബാദിലെ ഒരു കോടതിക്കു പുറത്ത് പോലീസ് പട്രോളിംഗ് സംഘത്തിന് സമീപം ഒരു ചാവേര്‍ സ്വയം പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്ലാമാബാദിലെ മാരകമായ ചാവേര്‍ ആക്രമണം രാജ്യത്തിന് മുന്നറിയിപ്പാണെന്ന് ആസിഫ് പറഞ്ഞു. പാകിസ്താന്‍ ഇപ്പോള്‍ 'യുദ്ധസമാനമായ സാഹചര്യത്തിലാണെന്നും' അദ്ദേഹം പറഞ്ഞു.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ആരോപിച്ചു. 'ഇന്ത്യന്‍ പിന്തുണയുള്ള ഭീകരസംഘടനകള്‍' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അതേസമയം, സ്വന്തം പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ 'ഇന്ത്യക്കെതിരെ വ്യാജമായ കഥകള്‍ മെനയുന്ന' പാകിസ്താന്റെ തന്ത്രമാണിതെന്ന് ഇന്ത്യ പ്രതികരിച്ചു. പാകിസ്താന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കം പ്രതിക്ഷിച്ചിരുന്നു എന്ന് പറഞ്ഞാണ് ഷെരീഫിന്റെ പരാമര്‍ശത്തോട് ഇന്ത്യ പ്രതികരിച്ചത്.
പാക് പ്രധാനമന്ത്രിയുടെ ആരോപണത്തെ 'നിരാശാജനകമായ വഴിതിരിച്ചുവിടല്‍ തന്ത്രം' എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ''സമനില തെറ്റിയ പാകിസ്താന്‍ നേതൃത്വം ഉന്നയിക്കുന്ന അടിസ്ഥാനരഹിതവും തെളിവില്ലാത്തതുമായ ആരോപണങ്ങളെ ഇന്ത്യ നിസ്സംശയം തള്ളിക്കളയുന്നു. രാജ്യത്തിനകത്ത് അരങ്ങേറുന്ന സൈനിക പ്രേരിതമായ ഭരണഘടനാ അട്ടിമറിയില്‍നിന്നും അധികാരം പിടിച്ചെടുക്കലില്‍നിന്നും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഇന്ത്യക്കെതിരെ വ്യാജമായ കഥകള്‍ മെനയുന്നത് പാകിസ്താന്റെ പതിവ് തന്ത്രമാണ്.' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Content Highlights: Pakistan`s Defence Minister Khawaja Asif warns of all-out war with India amid rising tensions and accusations of Indian backing for Afghan strikes. Stay alert.