ചൈനയിൽ നിന്ന് അന്തർവാഹിനി വാങ്ങി പാകിസ്താൻ; ബംഗാൾ ഉൾക്കടലിൽ കാലുറപ്പിക്കാനുള്ള ശ്രമമോ?

കറാച്ചി: 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം ഇതാദ്യമായി ബംഗാൾ ഉൾക്കടലിൽ സജീവ നാവിക സാന്നിധ്യമുറപ്പിക്കാനുള്ള പദ്ധതികളുമായി പാകിസ്താൻ രംഗത്ത്. ഇതിന്റെ ഭാഗമായി ചൈനയിൽനിന്ന് വാങ്ങുന്ന എട്ട് അന്തർവാഹിനികളിൽ ആദ്യത്തേത് പാകിസ്താനിലെത്തി. ഹാങ്കോർ ക്ലാസിൽപ്പെട്ട അത്യാധുനിക അന്തർവാഹിനിയാണിത്. ബംഗാൾ ഉൾക്കടൽ കേന്ദ്രീകരിച്ച് ഇവ വിന്യസിക്കാനാണ് പാക് നാവികസേനയുടെ നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (എ.ഐ.പി.) സാങ്കേതികവിദ്യയുള്ളവയാണ് ഈ അന്തർവാഹിനികൾ. സാധാരണ അന്തർവാഹിനികൾ ബാറ്ററികൾ ചാർജ് ചെയ്യാൻവേണ്ടി ഇടയ്ക്കിടെ ജലോപരിതലത്തിൽ വരേണ്ടതുണ്ട്. എന്നാൽ എ.ഐ.പി. സംവിധാനമുള്ളവയ്ക്ക് ആഴ്ചകളോളം വെള്ളത്തിനടിയിൽ തന്നെ ഒളിച്ചിരിക്കാൻ സാധിക്കും. ഇത് ശത്രുസൈന്യത്തിന് ഇവയെ കണ്ടെത്തുന്നത് പ്രയാസകരമാക്കുന്നു. ഇതിനുപുറമേ പാകിസ്താൻ സമുദ്രാധിഷ്ഠിത ആണവ പ്രഹരശേഷിയുടെ ഭാഗമായും ഈ അന്തർവാഹിനികൾ പ്രവർത്തിച്ചേക്കാമെന്നും വിലയിരുത്തലുണ്ട്.
പാകിസ്താന്റെ ബംഗ്ലാദേശുമായുള്ള പുതിയ ബന്ധമാണ് ഇന്ത്യയ്ക്ക് പ്രശ്നം സൃഷ്ടിക്കുന്നത്. ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധബന്ധത്തിൽ വലിയ വളർച്ചയാണുണ്ടായിരിക്കുന്നത്. പാക് യുദ്ധക്കപ്പലുകൾ ബംഗ്ലാദേശ് തുറമുഖങ്ങളിൽ എത്തുന്നതും സംയുക്ത സൈനികാഭ്യാസങ്ങളിൽ ഏർപ്പെടുന്നതും ഇതിന്റെ സൂചനയാണ്. ബംഗ്ലാദേശുമായി ചേർന്ന് ഒരു പ്രതിരോധകരാറിൽ ഏർപ്പെടാനും പാകിസ്താൻ ചർച്ചകൾ നടത്തിവരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത് മേഖലയിൽ പാകിസ്താന് കൂടുതൽ സ്വാധീനം ഉറപ്പിക്കാൻ വഴിയൊരുക്കും.
വിശാഖപട്ടണം കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ ഈസ്റ്റേൺ നേവൽ കമാൻഡിനും തന്ത്രപ്രധാനമായ ആന്തമാൻ നിക്കോബാർ ദ്വീപുകൾക്കും തൊട്ടടുത്ത് പാകിസ്താൻ സാന്നിധ്യം അറിയിക്കുന്നത് ഇന്ത്യയ്ക്ക് ജാഗ്രതയുണ്ടാക്കുന്ന കാര്യമാണ്. നിലവിൽ വിമാനവാഹിനികളും ആണവ അന്തർവാഹിനികളുമായി ഇന്ത്യയ്ക്ക് വലിയ നാവിക മേധാവിത്വമുണ്ട്. എങ്കിലും പാകിസ്താന്റെ ഈ നീക്കം സൈനിക സന്തുലിതാവസ്ഥ മാറ്റിയേക്കാം. ഇന്ത്യയുടെ കിഴക്കൻ സമുദ്രതീരത്ത് കൂടുതൽ ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഈ സാഹചര്യം ഇന്ത്യയെ പ്രേരിപ്പിക്കും.
Content Highlights: Pakistan is deploying advanced Chinese-built Hangor-class AIP submarines in the Bay of Bengal for the first time since 1971, raising significant strategic and maritime security concerns for India's Eastern Naval Command.