‘കുറച്ച് പണം കിട്ടിയിട്ടുണ്ട്, ആരുടേതാണെ’ന്ന് പാക് അസംബ്ലിയിലെ സ്പീക്കര്‍; അവകാശമുന്നയിച്ച് കൈ ഉയര്‍ത്തിയത് 12 അംഗങ്ങള്‍

#ന്യൂസ് ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍നിന്നുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. അസംബ്ലി സമ്മേളനത്തിനിടെ സ്പീക്കര്‍ക്ക് കുറച്ച് പണം കണ്ടുകിട്ടുന്നതും ഇത് ആരുടെതാണെന്ന് സ്പീക്കര്‍ ചോദിക്കുന്നതും പണത്തിന് അവകാശമുന്നയിച്ച് പന്ത്രണ്ടോളം ജനപ്രതിനിധികള്‍ കൈ ഉയര്‍ത്തുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ വൈറലായതോടെ പാകിസ്താനിലെ അസംബ്ലി അംഗങ്ങള്‍ ഒന്നടങ്കം ട്രോളുകളും വിമര്‍ശനങ്ങളും നേരിടുകയാണ്.

അസംബ്ലി സമ്മേളനത്തിനിടെയാണ് സ്പീക്കര്‍ അയാസ് സാദിഖിന് സഭയ്ക്കുള്ളില്‍നിന്ന് 50,000 പാകിസ്താനി രൂപ (ഏകദേശം 16,000 രൂപ) കിട്ടിയത്. 5,000 പാകിസ്താനി രൂപയുടെ പത്ത് നോട്ടുകളാണ് ഉണ്ടായിരുന്നത്. നോട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെ സ്പീക്കര്‍ ഡയസില്‍നിന്ന് ഇത് ആരുടെ പണമാണെന്ന് ചോദിച്ചു. അവകാശികള്‍ കൈ ഉയര്‍ത്താനും ആവശ്യപ്പെട്ടു. ഈ സമയത്താണ് സഭയിലുണ്ടായിരുന്ന 12-13 അംഗങ്ങള്‍ പണത്തിന് അവകാശമുന്നയിച്ച് കൈ ഉയര്‍ത്തിയത്. ഇതോടെ സ്പീക്കര്‍ രസകരമായ മറുപടിയും നല്‍കി. 'ആകെ പത്തുനോട്ടുകളുണ്ട്, എന്നാല്‍ 12 അവകാശികളും' എന്നായിരുന്നു അംഗങ്ങള്‍ കൂട്ടത്തോടെ കൈ ഉയര്‍ത്തിയത് കണ്ട് സ്പീക്കര്‍ പറഞ്ഞത്.

പണത്തിന്റെ യഥാര്‍ഥ ഉടമയെ പിന്നീട് കണ്ടെത്തിയതായി പാകിസ്താനിലെ ടെലിവിഷന്‍ ചാനലായ ആജ് ടിവി റിപ്പോര്‍ട്ട് ചെയ്തു. പിടിഐ നേതാവായ മുഹമ്മദ് ഇഖ്ബാല്‍ അഫ്രീദിയുടേതായിരുന്നു പണമെന്നും ഇദ്ദേഹം പിന്നീട് അസംബ്ലി ഓഫീസിലെത്തി പണം കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, പാകിസ്താന്‍ അസംബ്ലിയില്‍ അരങ്ങേറിയ രംഗങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കി. അസംബ്ലി അംഗങ്ങളെ പലരും രൂക്ഷമായ ഭാഷയിലാണ് പരിഹസിച്ചത്. ഇത്തരം തട്ടിപ്പുകാരും അഴിമതിക്കാരുമാണ് അസംബ്ലിയിലെ അംഗങ്ങളെന്നും ഇവര്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുമ്പോള്‍ പാകിസ്താന് ഒരിക്കലും അഭിവൃദ്ധി കൈവരിക്കാനാകില്ലെന്നും ചിലര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രതികരിച്ചു.

Content Highlights: A viral video shows the Pakistan National Assembly Speaker finding cash and over a dozen MPs claiming it. Learn more about the hilarious incident and the public reaction.