'ലോകത്തിന്റെ പകുതിയും ഞങ്ങൾ കൊണ്ടുപോകും'; US-ൽ ഇന്ത്യയ്‌ക്കെതിരേ ആണവഭീഷണിയുമായി പാക് സൈനിക മേധാവി

വാഷിങ്ടണ്‍: യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യയ്‌ക്കെതിരേ ആണവ ഭീഷണിയുമായി പാകിസ്താന്‍ സൈനിക മേധാവി അസിം മുനീര്‍. പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിയിടാന്‍ മടിക്കില്ലെന്നും മുനീര്‍ ഭീഷണി ഉയര്‍ത്തി. ''ഞങ്ങൾ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്നു തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങൾ കൂടെ കൊണ്ടുപോകും'', ബിസിനസുകാരനും ഓണററി കോണ്‍സുലുമായ അദ്‌നാന്‍ അസദ് ടാമ്പയില്‍ സംഘടിപ്പിച്ച ബ്ലാക്ക്-ടൈ അത്താഴവിരുന്നില്‍ പങ്കെടുത്തവരോട് മുനീര്‍ പറഞ്ഞു.
യുഎസുമായി പുതിയ ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് ഇന്ത്യയ്‌ക്കെതിരായ അസിം മുനീറിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍. സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെയും മുനീര്‍ ഭീഷണി മുഴക്കി. ഇന്ത്യ സിന്ധു നദിയില്‍ അണക്കെട്ട് പണിതാല്‍, നിർമാണം പൂര്‍ത്തിയായ ഉടന്‍ മിസൈല്‍ അയച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും അസിം മുനീര്‍ പറഞ്ഞു. 'ഇന്ത്യ ഒരു അണക്കെട്ട് നിര്‍മിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കും. അതു നിര്‍മിച്ച് കഴിയുമ്പോള്‍ 10 മിസൈല്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് തകര്‍ക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ഞങ്ങള്‍ക്ക് മിസൈലുകള്‍ക്ക് കുറവില്ല', അസിം മുനീര്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശേഷമായിരുന്നു ഈ ഭീഷണി.
ഇന്ത്യയുമായി നാലു ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിന് ശേഷം രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മുനീര്‍ യുഎസ് സന്ദര്‍ശിക്കുന്നത്. ഫെരാരി പോലെ ഹൈവേയിലൂടെ വരുന്ന ഒരു മെഴ്‌സിഡസാണ് ഇന്ത്യയെന്നും എന്നാല്‍, പാകിസ്താന്‍ ഒരു ഡംപ് ട്രക്കാണെന്നും പറഞ്ഞ മുനീര്‍, ട്രക്ക് കാറില്‍ ഇടിച്ചാല്‍ ആരാണ് തകര്‍ക്കപ്പെടുകയെന്നും ചോദിച്ചു. കാനഡയിലെ സിഖ് നേതാവിന്റെ കൊലപാതകവും ഖത്തറില്‍ എട്ട് ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതും കുല്‍ഭൂഷണ്‍ യാദവ് കേസുമെല്ലാം പ്രസംഗത്തിനിടെ എടുത്തുപറഞ്ഞ മുനീര്‍, ഇന്ത്യ തീവ്രവാദത്തില്‍ പങ്കാളിയാണെന്നും ആരോപിച്ചു.
യുഎസിലെ മുതിര്‍ന്ന രാഷ്ട്രീയ, സൈനിക നേതാക്കളുമായും പാകിസ്താന്‍ പ്രവാസികളിലെ അംഗങ്ങളുമായും മുനീര്‍ കൂടിക്കാഴ്ച നടത്തി. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കല്‍ കുറില്ലയുടെ വിരമിക്കല്‍ ചടങ്ങിലും സെന്റ്‌കോം തലവനായി ചുമതലയേറ്റ അഡ്മിറല്‍ ബ്രാഡ് കൂപ്പറിനുള്ള കമാന്‍ഡ് മാറ്റ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. കുറില്ലയുടെ നേതൃത്വത്തെയും യുഎസ്-പാകിസ്താന്‍ സൈനിക ബന്ധത്തിന് നല്‍കിയ സംഭാവനയെയും മുനീര്‍ പ്രശംസിച്ചു. ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്നും മുനീര്‍ അഭിപ്രായപ്പെട്ടു.
Content Highlights: Pakistan`s Army Chief Asim Munir threatened India with nuclear war during his US visit, escalating t