പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം, ചാവേർ ആക്രമണം; പാക് സെെനികർ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇസ്‌ലാമാബാദ്: പാകിസ്താനിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തെ തുടർന്ന് അഫ്ഗാനിസ്താൻ-പാകിസ്താൻ അതിർത്തിയിൽ വീണ്ടും സംഘർഷം. ഒട്ടേറെ സൈനികർ മരിച്ചിട്ടുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാൻ ഇരുരാജ്യങ്ങളും തയ്യാറായിട്ടില്ല. 

അഫ്ഗാൻ അതിർത്തിക്ക് സമീപമുള്ള നോർത്ത് വസീറിസ്താനിലെ മിർ അലി മേഖലയിൽ വെച്ചാണ് സൈനിക വാഹനവ്യൂഹത്തിനു നേരെ ചാവേർ ആക്രമണം നടന്നത്. ഇതിനെ തുടർന്ന് ഗുലാം ഖാൻ അതിർത്തി അടച്ചതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്താനിലെ ഖോസ്റ്റ് പ്രവിശ്യയിലൂടെ കടന്നുപോവുന്ന ഈ വഴി പ്രധാനപ്പെട്ട വ്യാപാര, ഗതാഗത മാർഗ്ഗമാണ്.

അതിർത്തി അടച്ചത് സ്ഥിരീകരിച്ച അഫ്ഗാൻ അതിർത്തി സേനാ വക്താവ് അബിദുള്ള ഫാറൂഖി പാകിസ്താൻ ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ലെന്ന് പറഞ്ഞു. അതേസമയം, സംഘർഷം ലഘൂകരിക്കുന്നത് വരെ ഈ വഴി ഒഴിവാക്കാനും പകരം അതിർത്തി കടന്നുപോകുന്ന മറ്റു വഴികൾ ഉപയോഗിക്കാനും അഫ്ഗാൻ അധികൃതർ നിർദ്ദേശം നൽകി.

Content Highlights: Pakistani soldiers killed in car bombing near Afghan border