ചാറ്റ്‌ ജിപിടിയുടെ ഉപദേശത്തിൽ മരുന്ന് മദ്യത്തിൽ കലർത്തി കഴിച്ച് 19-കാരൻ മരിച്ചു; ഓപ്പൺഎഐക്കെതിരെ ആരോപണം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: Envato
പ്രതീകാത്മക ചിത്രം | ഫോട്ടോ: Envato

സാൻ ജോസ്: അമേരിക്കയിലെ കാലിഫോർണിയയിൽ ചാറ്റ്‌ജിപിടിയുടെ ഉപദേശത്തെത്തുടർന്ന് അമിത അളവിൽ മരുന്നുകൾ കഴിച്ച് 19-കാരൻ മരിച്ച സംഭവത്തിൽ ഓപ്പൺഎഐക്കെതിരെ ആരോപണവുമായി കുടുംബം. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ വിദ്യാർഥിയായ സാം നെൽസൺ ആണ് അമിത അളവിൽ മരുന്ന് കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം മരിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നും വിഷാദ രോഗത്തിന് കഴിക്കുന്ന മരുന്നും മദ്യത്തിൽ കലർത്തിയാണ് യുവാവ് കഴിച്ചത്.

മരിക്കുന്നതിന് തൊട്ടുമുൻപുള്ള മണിക്കൂറുകളിൽ, ഈ മരുന്നുകൾ ഒന്നിച്ചു കഴിക്കുന്നത് സുരക്ഷിതമാണോയെന്ന് സാം നിർമിത ബുദ്ധി ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയോട് ഉപദേശംതേടിയിരുന്നതായി യുവാവിന്റെ അമ്മ യുഎസ് കോൺഗ്രസ് ഹിയറിങ്ങിൽ മൊഴി നൽകി. തെളിവായി സാം ചാറ്റ്‌ജിപിടിയുമായി നടത്തിയ 700-ലധികം ചാറ്റുകളും തെളിവായി നൽകി.

ആദ്യഘട്ടത്തിൽ മരുന്നുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ചാറ്റ്‌ബോട്ട് വിസമ്മതിച്ചിരുന്നു. എന്നാൽ, ഉപയോക്താക്കളുടെ എൻഗേജ്‌മെന്റ് വർധിപ്പിക്കാനായി ഓപ്പൺഎഐ വരുത്തിയ മാറ്റങ്ങൾക്ക് ശേഷം മരുന്നുകളുടെ അളവിനെക്കുറിച്ചും അവ ഒന്നിച്ചു കഴിക്കുന്നതിനെക്കുറിച്ചും നിർദേശങ്ങൾ നൽകാൻ തുടങ്ങിയിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

യുവാവിൻ്റെ മരണത്തിൽ ഖേദമുണ്ടെന്നും യുവാവ് ഉപയോഗിച്ച എഐ മോഡൽ പിൻവലിച്ചിരുന്നുവെന്നും ഓപ്പൺഎഐ അറിയിച്ചിട്ടുണ്ടെങ്കിലും കമ്പനിയുടെ ഉത്തരവാദിത്തമില്ലായ്മയാണ് മരണ കാരണമെന്നാണ് കുടുംബത്തിൻ്റെ വാദം. ആളുകളുടെ സുരക്ഷയേക്കാൾ ഉപയോക്താക്കളുടെ എൻഗേജ്‌മെന്റിന് മുൻഗണന നൽകാൻ കമ്പനികൾ നിർദേശിച്ചിരുന്നതായി മെറ്റയിലെ മുൻ ഗവേഷകനായ ജെയ്‌സൺ സാറ്റിസാഹൻ കോടതിയിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Content Highlights: UC student Sam Nelson died from respiratory failure after mixing drugs and alcohol., His mother testified in the US Congress that ChatGPT assured him the drug combination was safe., OpenAI stated the specific AI model was later withdrawn, but a lawsuit was filed in May., The incident has sparked legislative discussions in the US Congress regarding child safety and AI.