അമേരിക്കയിൽ ഹിന്ദുക്ഷേത്രത്തിന് നേരെ ആക്രമണം; കല്ലേറിൽ ജനൽച്ചില്ലുകൾ തകർന്നു

#ന്യൂസ് ഡെസ്ക്
Photo: @CoHNAOfficial
Photo: @CoHNAOfficial

വാഷിങ്ടൺ: അമേരിക്കയിലെ ഒഹായോയിലെ പ്രശസ്തമായ ശ്രീ സ്വാമിനാരായൺ വഡ്താൽ ധാം ഹിന്ദു ക്ഷേത്രത്തിന് നേരെ അക്രമം. ക്ഷേത്രത്തിന് നേരെ ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. അക്രമത്തിൽ ജനൽച്ചില്ലുകൾ തകർന്നതായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദു സംഘടനകൾ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഈസമയം ക്ഷേത്രത്തിനകത്ത് പൂജാരിമാരും വിശ്വാസികളും ഉണ്ടായിരുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഗ്രേറ്റർ ക്ലീവ്‌ലാൻഡ് പ്രദേശത്തുള്ള റിച്ച്മണ്ട് ഹൈറ്റ്‌സിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അമേരിക്കയിലെ 'കോഅലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക', 'ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ' എന്നീ സംഘടനകൾ അക്രമത്തെ ശക്തമായി അപലപിച്ചു. ജനപ്രതിനിധികളും റിച്ച്മണ്ട് ഹൈറ്റ്‌സ് മേയർ കിം തോമസും വിഷയം ഗൗരവമായി കാണണമെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടാൻ പോലീസിന് നിർദ്ദേശം നൽകണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

ഓൺലൈനിലൂടെ പ്രചരിക്കുന്ന ഹിന്ദുവിരുദ്ധ വിദ്വേഷ സന്ദേശങ്ങളാണ് ഇത്തരം യഥാർത്ഥ ആക്രമണങ്ങളിലേക്ക് നയിക്കുന്നതെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സുഹാഗ് ശുക്ല പ്രതികരിച്ചു. ഇന്ത്യൻ-അമേരിക്കൻ സമൂഹം നവരാത്രി ആഘോഷങ്ങൾക്കും 'ഹിന്ദു ഹെറിറ്റേജ് മന്ത്' ആചരണങ്ങൾക്കും ഒരുങ്ങുന്നതിനിടെയാണ് ക്ഷേത്രത്തിനുനേരെ ആക്രമണം ഉണ്ടായത്.

Content Highlights: Shree Swaminarayan Vadtal Dham Hindu temple in Ohio vandalized with bricks and stones., Priests and devotees were inside the temple during the Friday afternoon attack., Hindu organizations strongly condemn the incident and demand strict police action., Attack occurs ahead of Navratri celebrations and Hindu Heritage Month.