ഇത് മുന്നറിയിപ്പോ? നേരിട്ടെത്തി കിം; പുതിയ പടക്കപ്പലിൽനിന്ന് ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ

#ന്യൂസ് ഡെസ്ക്
Photo: KCNA VIA KNS / AFP
Photo: KCNA VIA KNS / AFP

പ്യോങ്‌യാങ്: യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ സൈനികശക്തി വർധിപ്പിച്ച് ഉത്തരകൊറിയ. പുതിയ പടക്കപ്പലിൽനിന്ന് ഉത്തര കൊറിയ ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ നേരിട്ടെത്തിയാണ് പരീക്ഷണത്തിന് മേൽനോട്ടം വഹിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

5000 ടൺ ഭാരമുള്ള പുതിയ പടക്കപ്പലായ 'ച്യോ ഹ്യോൻ'-ൽനിന്നാണ് ഉത്തര കൊറിയ തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചത്. കടലിൽനിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലുകളാണ് കപ്പലിൽനിന്ന് പരീക്ഷിച്ചത്. ഇത് നിരീക്ഷിക്കാനും മേൽനോട്ടംവഹിക്കാനുമായി കിം ജോങ് ഉന്നും നാംപോ ഷിപ്പ്‌യാർഡിൽ എത്തിയിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.

പുതിയ യുദ്ധക്കപ്പലിനെ രാജ്യത്തിന്റെ 'കടൽ പ്രതിരോധത്തിന്റെ പുതിയ അടയാളം' എന്നാണ് കിം വിശേഷിപ്പിച്ചത്. വെള്ളത്തിനടിയിൽനിന്നും മുകളിൽനിന്നും ആക്രമണം നടത്തുന്നതിനായി നമ്മുടെ നാവികസേന അതിവേഗം വളരും. ആണവായുധങ്ങൾ സജ്ജീകരിക്കുന്നതിൽ നാവികസേന തൃപ്തികരമായ പുരോഗതി കൈവരിക്കുന്നുണ്ട്. സമുദ്ര പരമാധികാരം സംരക്ഷിക്കുന്നതിൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ രാജ്യം കൈവരിച്ച ഏറ്റവും വലിയ മാറ്റമാണിതെന്നും കിം ജോങ് ഉൻ പറഞ്ഞതായും കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട്‌ചെയ്തു.

അതേസമയം, ഉത്തര കൊറിയയുടെ 'തന്ത്രപ്രധാനമായ' ആയുധങ്ങളെന്ന വിശേഷണത്തെ ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി സംശയത്തോടെയാണ് റിപ്പോർട്ട്‌ചെയ്തിരിക്കുന്നത്. ഉത്തര കൊറിയയുടെ ഈ പരാമർശം ആണവശേഷിയുണ്ടെന്ന് സൂചിപ്പിക്കുന്നതാണെന്നും ദക്ഷിണ കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസികൾ വിലയിരുത്തുന്നു.

2025 മേയ് മാസത്തിൽ ഉത്തര കൊറിയയുടെ സമാനമായ മറ്റൊരു യുദ്ധക്കപ്പൽ നീറ്റിലിറക്കുന്നതിനിടെ അപകടത്തിൽപ്പെട്ടിരുന്നു. ഈ സംഭവത്തിന് കിം ജോങ് ഉന്നും സാക്ഷിയായി. അന്ന് കടുത്ത ഭാഷയിലാണ് കിം ജോങ് ഉൻ ഉദ്യോഗസ്ഥരെ വിമർശിച്ചത്. കപ്പലിന്റെ പരാജയത്തെ ക്രിമിനൽ പ്രവൃത്തിയായി വിശേഷിപ്പിച്ച അദ്ദേഹം, ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ അശ്രദ്ധയും ഉത്തരവാദിത്വമില്ലായ്മയുമാണ് സംഭവത്തിന് കാരണമായതെന്നും കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: North Korea conducted strategic cruise missile tests from a new 5,000-ton warship named Choe Hyeon., Kim Jong Un supervised the launch, emphasizing naval expansion and maritime defense., The regime aims to integrate nuclear capabilities into its naval fleet., South Korean reports express skepticism regarding the actual strategic capacity of these missiles.