റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന്‌ വിശ്വസിക്കാൻ കാരണമില്ല- റഷ്യ

#ന്യൂസ് ഡെസ്ക്
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം | Photo: AP
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം | Photo: AP

മോസ്‌കോ: റഷ്യൻ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നിലപാടിൽ മാറ്റം വന്നിട്ടുണ്ടെന്ന് വിശ്വസിക്കാൻ കാരണമില്ലെന്ന് വ്യക്തമാക്കി റഷ്യൻ വിദേശകാര്യമന്ത്രാലയം. റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചുവെന്ന യുഎസ് അവകാശവാദത്തിന് പിന്നാലെയാണ് റഷ്യയുടെ പുതിയ പ്രസ്താവന. ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ഇരു രാജ്യങ്ങൾക്കും ഗുണകരമാണെന്നും ആഗോളവിപണിയിൽ സ്ഥിരത നിലനിർത്തുന്നുവെന്നും റഷ്യ വ്യക്തമാക്കി.

റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചതായുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയാണ് റഷ്യയുടെ പുതിയ പ്രസ്താവന. ഫെബ്രുവരി ആദ്യം ഇന്ത്യയുമായി വ്യാപാര കരാർ പ്രഖ്യാപിച്ചപ്പോഴായിരുന്നു ട്രംപിന്റെ  അവകാശവാദം. എന്നാൽ, ട്രംപിന്റെ അവകാശവാദങ്ങൾ ഇന്ത്യ ഇതുവരെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

'സ്വതന്ത്ര രാജ്യങ്ങളെ ഏത് രീതിയിലും പിടിച്ചടക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും ഇത്തരം അവകാശവാദങ്ങളിൽ ഞങ്ങൾക്ക് പുതുമയൊന്നും കാണാൻ കഴിയുന്നില്ല.' റഷ്യ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ് യുഎസ് ഈ പ്രസ്താവന നടത്തിയത്. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെമേൽ യുഎസ് ഏർപ്പെടുത്തിയിരുന്ന തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ ഇരുപക്ഷവും സമ്മതിച്ചിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങലിന്റെ പേരിൽ ട്രംപ് ഇന്ത്യക്ക് മേൽ ചുമത്തിയ 25 ശതമാനം തീരുവ ഒഴിവാക്കിയതും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് റൂബിയോയും കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അതേസമയം, ഇന്ത്യയുടെ ഊർജ്ജ സംഭരണ നയം ദേശീയ താൽപര്യങ്ങൾക്ക് അനുസൃതമായിരിക്കുമെന്ന്‌ ഇന്ത്യ നേരത്തെ സൂചിപ്പിച്ചിരുന്നു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് തടയാൻ യുഎസ് ശ്രമിക്കുന്നതായി റഷ്യ നേരത്തെയും ആരോപിച്ചിരുന്നു. ഇത് നടപ്പാക്കുന്നതിനായി തീരുവകൾ, ഉപരോധങ്ങൾ, നേരിട്ടുള്ള നിരോധനങ്ങൾ എന്നിവയുൾപ്പെടെ പലതരം 'നിർബന്ധിത' നടപടികൾ യുഎസ് ഉപയോഗിക്കുന്നതായും അവർ പറഞ്ഞിരുന്നു.

Content Highlights: Moscow confirms no change in India`s Russian oil import policy. Russia`s Foreign Ministry states purchases benefit both nations and global energy markets. Read more.