ട്വിറ്ററിനെ പുറത്താക്കി; നൈജീരിയയില്‍ അരങ്ങേറ്റം കുറിച്ച് ഇന്ത്യയുടെ 'കൂ'

ന്യൂഡല്‍ഹി: ട്വിറ്ററിന് നൈജീരിയ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യന്‍ നിര്‍മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ കൂ (Koo) രാജ്യത്ത് അവതരിപ്പിച്ചു. ചട്ടങ്ങള്‍ ലംഘിച്ചുവെന്ന കാരണത്താല്‍ നൈജീരിയ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ അക്കൗണ്ട് നീക്കം ചെയ്തതിന് പിന്നാലെ നൈജീരിയ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിന് ബദലായി ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ കൂ രാജ്യത്ത് അവതരിപ്പിച്ചത്.
എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ചര്‍ച്ചകള്‍ക്കായി ശ്രമമുണ്ടായെന്ന് നൈജീരിയ സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് താല്പര്യമുണ്ടെന്ന് കാണിച്ച് ട്വിറ്ററില്‍ നിന്ന് സന്ദേശം ലഭിച്ചുവെന്ന് നൈജീരിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ മന്ത്രി ലൈ മുഹമ്മദ് പറഞ്ഞു. ട്വിറ്റര്‍ ഇപ്പോള്‍ ഞങ്ങളുമായി ഉന്നത തലത്തിലുള്ള ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നൈജീരിയയുടെ പരമാധികാരം നൈജീരിയന്‍ സര്‍ക്കാരിന് പ്രധാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 'പ്രധാന കാര്യം, നൈജീരിയയില്‍ ട്വിറ്ററിന് ലൈസന്‍സ് ഉണ്ടായിരിക്കണം. കൂടാതെ നൈജീരിയയുടെ വളര്‍ച്ചയ്ക്കോ കോര്‍പ്പറേറ്റ് നിലനില്‍പ്പിനോ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി ട്വിറ്റര്‍ അതിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം' -മുഹമ്മദ് പറഞ്ഞു.
നൈജീരിയയിലെ ബ്രോഡ്കാസ്റ്റിങ് റെഗുലേറ്ററായ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്മീഷന്‍ എല്ലാ പ്രാദേശിക പ്രക്ഷേപണ കേന്ദ്രങ്ങളും അവരുടെ ട്വിറ്റര്‍ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്താന്‍ ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് നൈജീരിയയില്‍ കൂ ലഭ്യമാണെന്ന് കൂവിന്റെ സഹസ്ഥാപകനും സിഇഒയുമായ അപ്രമേയ രാധാകൃഷ്ണ ട്വീറ്റ് ചെയ്തത്. നൈജീരയിലെ പ്രാദേശിക ഭാഷകളില്‍ കൂ ലഭ്യമാക്കാന്‍ തങ്ങള്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: