ന്യൂയോര്‍ക്ക് ക്യൂബയോ വെനസ്വേലയോ ആകും, നഗരവാസികള്‍ ഫ്‌ളോറിഡയിലേക്ക് പലായനം ചെയ്യേണ്ടിവരും- ട്രംപ്

ഡൊണാൾഡ് ട്രംപ്, സൊഹ്റാൻ മംദാനി | Photo: AFP
ഡൊണാൾഡ് ട്രംപ്, സൊഹ്റാൻ മംദാനി | Photo: AFP

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്കുള്ള സൊഹ്‌റാന്‍ മംദാനിയുടെ വിജയത്തിന് പിന്നാലെ അമേരിക്കയ്ക്ക് അതിന്റെ പരമാധികാരത്തില്‍ അല്‍പം നഷ്ടം സംഭവിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മംദാനിയുടെ വിജയം ന്യൂയോര്‍ക്കിനെ കമ്യൂണിസ്റ്റ് ക്യൂബയോ അല്ലെങ്കില്‍ സോഷ്യലിസ്റ്റ് വെനസ്വേലയോ ആക്കിമാറ്റുമെന്നും ന്യൂയോര്‍ക്ക് നിവാസികളെ ഫ്‌ളോറിഡയിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുമെന്നും ട്രംപ് പറഞ്ഞു.

2024 നവംബര്‍ അഞ്ചാം തീയതി അമേരിക്കയിലെ ജനങ്ങള്‍ ഞങ്ങളുടെ സര്‍ക്കാരിനെ ഉത്തരവാദിത്വം ഏല്‍പിച്ചു. ഞങ്ങള്‍ നമ്മുടെ പരമാധികാരത്തെ പുനഃസ്ഥാപിച്ചു. കഴിഞ്ഞ രാത്രി, ന്യൂയോര്‍ക്കില്‍ നമുക്ക് നമ്മുടെ പരമാധികാരത്തില്‍ അല്‍പം നഷ്ടമുണ്ടായി. പക്ഷേ സാരമില്ല, നമ്മള്‍ അക്കാര്യം ശ്രദ്ധിക്കും, മയാമിയില്‍ അമേരിക്ക ബിസിനസ് ഫോറത്തില്‍ സംസാരിക്കവേ ട്രംപ് പറഞ്ഞു.

യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ അമേരിക്കയോട് എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍, ന്യൂയോര്‍ക്കിലെ ഇന്നലത്തെ തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് നോക്കൂ, ട്രംപ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി അവര്‍ ഒരു കമ്യൂണിസ്റ്റുകാരനെ പ്രതിഷ്ഠിച്ചിരിക്കുന്നു. പലവര്‍ഷങ്ങളായി ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നതാണ്, നമ്മുടെ എതിരാളികള്‍ അമേരിക്കയെ കമ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വേലയോ ആക്കിമാറ്റാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണെന്ന്. നോക്കൂ അവിടങ്ങളിലെല്ലാം എന്താണ് സംഭവിച്ചതെന്ന്, ട്രംപ് പറഞ്ഞു. മംദാനിയുടെ ഭരണത്തിന്‍ കീഴില്‍ ന്യൂയോര്‍ക്ക് കമ്യൂണിസ്റ്റ് ആയി മാറുമ്പോള്‍ ന്യൂയോര്‍ക്കുകാര്‍ ഫ്‌ളോറിഡയിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

മംദാനിയുടെ വിജയാഘോഷ പ്രസംഗത്തെയും ട്രംപ് വിമര്‍ശിച്ചു. മംദാനിയുടെ പ്രസംഗം ഏറെ രോഷാകുലമായിരുന്നു, പ്രത്യേകിച്ച് തന്റെ നേര്‍ക്ക്. മംദാനി ഒരു മോശം തുടക്കത്തിലേക്കാണ് പോകുന്നത്. വാഷിങ്ടണിനോട് ബഹുമാനപൂര്‍വമായ സമീപനമല്ലെങ്കില്‍ മംദാനിക്ക് വിജയിക്കാനുള്ള സാധ്യത കുറവാണെന്നും ഫോക്സ് ന്യൂസിനോടു സംസാരിക്കവേ ട്രംപ് കൂട്ടിച്ചേര്‍ത്തു.

Content Highlights: newyork will turn into cuba or venazuela says donald trump