ആക്രമണങ്ങളെ UN പൊതുസഭയിൽ ന്യായീകരിച്ച് നെതന്യാഹു, മംദാനിക്കടക്കം വിമർശനം; ഇറങ്ങിപ്പോയി പ്രതിനിധികൾ, കൂവൽ

#ന്യൂസ് ഡെസ്ക്
ഇസ്രയേല്‍ പ്രധാനമന്ത്രി സംസാരിക്കാനെത്തുമ്പോള്‍ യുഎന്‍ പൊതുസഭയില്‍നിന്ന് ഇറങ്ങിപ്പോകുന്ന പ്രതിനിധികള്‍, നെതന്യാഹു സംസാരിക്കുന്നു |ഫോട്ടോ:AFP
ഇസ്രയേല്‍ പ്രധാനമന്ത്രി സംസാരിക്കാനെത്തുമ്പോള്‍ യുഎന്‍ പൊതുസഭയില്‍നിന്ന് ഇറങ്ങിപ്പോകുന്ന പ്രതിനിധികള്‍, നെതന്യാഹു സംസാരിക്കുന്നു |ഫോട്ടോ:AFP

ന്യൂയോർക്ക്: ഇറാനിലും ഗാസയിലും അടക്കം നടത്തുന്ന സൈനിക നടപടികളെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ന്യായീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിനെ പ്രതിരോധിച്ചും എതിരാളികൾക്കെതിരെ കടുത്ത വിമർശനം നടത്തിയും നെതന്യാഹുവിന്റെ പ്രസംഗം വലിയ കോലാഹലങ്ങൾക്കാണ് വഴിവെച്ചത്. ന്യൂയോർക്ക് മേയർ മംദാനി മുതൽ ബ്രിട്ടൻ, ഫ്രാൻസ്, തുർക്കി തുടങ്ങിയ അമേരിക്കൻ സഖ്യകക്ഷികളെയും നെതന്യാഹു ആക്രമിച്ചു.

നെതന്യാഹു പ്രസംഗിക്കാനെത്തിയതോടെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ കൂട്ടത്തോടെ ഇറങ്ങിപ്പോയി. ചിലർ കൂവി വിളിക്കുകയും ആക്രോശിക്കുകയും ചെയ്തു. ഇതോടെ ഇസ്രയേൽ പ്രതിനിധി സംഘം എഴുന്നേറ്റുനിന്ന് കൈയടിച്ചു.

'ഈ ഹാളിൽ ഇനിയും ധാർമ്മിക ഭീരുക്കൾ അവശേഷിക്കുന്നുണ്ടെങ്കിൽ ദയവായി ഇപ്പോൾത്തന്നെ പുറത്തുപോകൂ' എന്ന് നെതന്യാഹു പറയുകയും ചെയ്തു. ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയെ യഹൂദവിരുദ്ധൻ എന്ന് വിശേഷിപ്പിച്ച നെതന്യാഹു അദ്ദേഹം ഈ നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ യഹൂദർക്ക് സുരക്ഷിതത്വമില്ലെന്നും പറഞ്ഞു.

'ഞങ്ങൾ വിജയിക്കാൻ പോവുകയാണ്. ഞങ്ങൾക്ക് മറ്റ് മാർഗമില്ല' എന്നും ഗാസയിലടക്കമുള്ള സൈനിക നടപടികളെ ന്യായീകരിച്ചുകൊണ്ട് നെതന്യാഹു യുഎന്നിൽ പറഞ്ഞു. 'അണുബോംബുകൾ വികസിപ്പിക്കുന്നതിൽ നിന്ന് ഇറാന്റെ കൊടുംഭരണകൂടത്തെ തടയാൻ ഞാൻ പ്രതിജ്ഞയെടുത്തു, ഇസ്രായേലിനെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആണവായുധങ്ങളായിരുന്നു അത്. ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്താൻ കഴിയുന്ന ആണവായുധങ്ങൾ' നെതന്യാഹു പറഞ്ഞു.

'നരഹത്യ അവസാനിപ്പിക്കൂ' എന്ന ബാനറുകൾ വീശി നിരവധി പ്രക്ഷോഭകർ നെതന്യാഹു എത്തുന്നതിന് മുന്നോടിയായി ഐക്യരാഷ്ട്രസഭയ്ക്ക് സമീപം തടിച്ചുകൂടിയിരുന്നു. ഹോളിവുഡ് താരം സൂസൻ സരണ്ടൻ ഉൾപ്പെടെ നിരവധി പ്രക്ഷോഭകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

നെതന്യാഹുവിന്റെ കടുത്ത വിമർശകരിൽ ഒരാളായ പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് ട്രംപ് ഭരണകൂടം വിസ നിഷേധിച്ചതിനെ തുടർന്ന് യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. നെതന്യാഹുവിന്റെ പ്രസംഗത്തിന് തൊട്ടുമുമ്പ് മഹ്‌മൂദ് അബ്ബാസിന്റെ വീഡിയോ സന്ദേശം സഭയിൽ പ്രദർശിപ്പിച്ചിരുന്നു.

ഗാസയിൽ ഇസ്രായേൽ സൈന്യം പലസ്തീൻ ജനതയെ 'കൊലപാതകം, നാശം, പട്ടിണി, കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവയ്ക്കൊപ്പം നരഹത്യ യുദ്ധത്തിനും' ഇരയാക്കുകയാണെന്ന് അബ്ബാസ് ആരോപിച്ചു.

Content Highlights: Benjamin Netanyahu defended military actions in Gaza and Iran during his UN General Assembly speech., Delegates staged a mass walkout and booed as Netanyahu took the podium., Netanyahu criticized international allies and labeled New York Mayor Zohran Mamdani as antisemitic., Protesters gathered outside the UN, leading to arrests including actress Susan Sarandon., A video message from Palestinian President Mahmoud Abbas was played after he was denied a US visa.