'ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍'; ഇറാനെതിരായ സൈനിക നടപടി ദിവസങ്ങളോളം തുടരുമെന്ന് നെതന്യാഹു

ടെല്‍ അവീവ്: ഇറാനിലെ ആണവ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനെതിരായ ഓപ്പറേഷന്‍ ദിവസങ്ങളോളം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ടെലിവിഷന്‍ പ്രസംഗത്തിലൂടെ അറിയിച്ചു.
'നിമിഷങ്ങള്‍ക്ക് മുന്‍പ്, ഇസ്രായേലിന്റെ നിലനില്‍പ്പിനായുള്ള ഇറാനിയന്‍ ഭീഷണി തടയുന്നതിനായി ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന സൈനിക നടപടി ആരംഭിച്ചു' നെതന്യാഹു പറഞ്ഞു. ഈ ഭീഷണി ഇല്ലാതാക്കാന്‍ ആവശ്യമായത്ര ദിവസത്തേക്ക് ഓപ്പറേഷന്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന് ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ഒരു പദ്ധതി ഉണ്ടായിരുന്നുവെന്നും, തടഞ്ഞില്ലെങ്കില്‍ അവര്‍ക്ക് ആണവായുധം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
'ഇറാന്റെ ആണവ പദ്ധതിയുടെ പ്രധാന ഭാഗത്താണ് ആക്രമണം നടത്തിയത്. ഇറാനിലെ നതാന്‍സിലെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തെ ലക്ഷ്യമിട്ടു. ഇറാനിലെ ആണവ ശാസ്ത്രജ്ഞരെ ഞങ്ങള്‍ ലക്ഷ്യമിട്ടു. ഇറാനിലെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ ഹൃദയഭാഗത്തും ഞങ്ങള്‍ ആക്രമണം നടത്തി'നെതന്യാഹു പറഞ്ഞു.
ഇസ്രയേല്‍ സ്വയം പ്രതിരോധിക്കുമ്പോള്‍, മറ്റുള്ളവരെയുംകൂടിയാണ് പ്രതിരോധിക്കുന്നത്. തങ്ങളുടെ അറബ് അയല്‍ക്കാരെ പ്രതിരോധിക്കുന്നു. ഇറാനിലെ അരാജകത്വത്തിന്റെയും കൂട്ടക്കൊലയുടെയും പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവരും കഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നെതന്യാഹു നന്ദി അറിയിക്കുകയും ചെയ്തു. 'ഇറാനെ ഒരിക്കലും ആണവായുധങ്ങള്‍ നേടാന്‍ അനുവദിക്കരുത്. പ്രസ്താവനയില്‍ പറയുന്നു.ട്രംപിന്റെ പ്രസിഡന്റ് കാലയളവിലുടനീളം നമ്മുടെ രാജ്യത്തിന് നല്‍കിയ സ്ഥിരമായ പിന്തുണയ്ക്ക് ഞാന്‍ അദ്ദേഹത്തിന് നന്ദി പറയുന്നു' നെതന്യാഹു പറഞ്ഞു.
പ്രസംഗത്തില്‍ നെതന്യാഹു ഇറാനിയന്‍ ജനതയ്ക്കും സന്ദേശം നല്‍കി.'ഞങ്ങള്‍ നിങ്ങളെ വെറുക്കുന്നില്ല. നിങ്ങള്‍ ഞങ്ങളുടെ ശത്രുക്കളല്ല. നിങ്ങളെ ചവിട്ടിമെതിക്കുന്ന ഒരു സ്വേച്ഛാധിപത്യ ഭരണകൂടം, അതാണ് നമ്മുടെ പൊതു ശത്രു. ഏകദേശം അമ്പത് വര്‍ഷത്തോളമായി, ഈ ഭരണകൂടം നല്ല ജീവിതത്തിനുള്ള നിങ്ങളുടെ അവസരം കവര്‍ന്നെടുത്തിരിക്കുന്നു.ഈ സ്വേച്ഛാധിപത്യത്തില്‍ നിന്നുള്ള നിങ്ങളുടെ വിമോചന ദിനം എന്നത്തേക്കാളും അടുത്താണ് എന്നതില്‍ എനിക്ക് സംശയമില്ല. ആ ദിവസം വരുമ്പോള്‍, ഇസ്രായേലികളും ഇറാനികളും നമ്മുടെ രണ്ട് പുരാതന ജനതകള്‍ക്കിടയിലുള്ള സഖ്യം പുതുക്കും. ഒരുമിച്ച്, നമ്മള്‍ സമൃദ്ധിയുടെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും ഒരു ഭാവി കെട്ടിപ്പടുക്കും' നെതന്യാഹു പറഞ്ഞു.
Content Highlights: Israeli PM Netanyahu confirms attacks on Iranian nuclear facilities