ഐസൻകോട്ടുമായി പ്രധാനമന്ത്രി പദം പങ്കിടാനൊരുങ്ങി നെതന്യാഹു; സർക്കാർ രൂപീകരണ ശ്രമങ്ങൾ പുതിയ തലത്തിലേക്ക്

#ന്യൂസ് ഡെസ്ക്
ബെഞ്ചമിന്‍ നെതന്യാഹു,  ഗാഡി ഐസന്‍കോട്ട് | Photos: AFP
ബെഞ്ചമിന്‍ നെതന്യാഹു, ഗാഡി ഐസന്‍കോട്ട് | Photos: AFP

ജെറുസലേം: ഇസ്രയേലിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി, യാഷർ പാർട്ടി അധ്യക്ഷൻ ഗാഡി ഐസൻകോട്ടുമായി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി പദം പങ്കിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതിയ ധാരണ പ്രാബല്യത്തിൽ വരികയാണെങ്കിൽ സർക്കാർ അധികാരത്തിൽ എത്തുന്നതിന്റെ ആദ്യ പകുതിയിൽ ഐസൻകോട്ട് പ്രധാനമന്ത്രി പദം അലങ്കരിക്കും, രണ്ടാം ഘട്ടത്തിൽ നെതന്യാഹു പ്രധാനമന്ത്രി പദം ഏറ്റെടുക്കും.

അതേസമയം, നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയിലും പ്രധാനമന്ത്രിയുടെ ഓഫീസിലും ഈ നിർദേശത്തെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതായാണ് വിവരം. നെതന്യാഹുവിന്റെ വാഗ്ദാനത്തിൽ ഐസൻകോട്ട് പൂർണമായും തൃപ്തനല്ലെന്നും, അദ്ദേഹം ഡിസംബർ ആറിലെ സമയപരിധിക്ക് മുൻപ് സ്വന്ത നിലയിൽ സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അദ്ദേഹത്തിന്റെ സഖ്യകക്ഷികൾ നെതന്യാഹുവുമായി ചേർന്നുള്ള ഭരണത്തെ എതിർക്കുന്നതും മറ്റൊരു പ്രധാന വിഷയമാണ്. 120 അംഗ നെസ്സറ്റിൽ (Knesset) ഭൂരിപക്ഷമായ 61 സീറ്റുകൾ തികയ്ക്കാൻ രാം (Ra'am) പാർട്ടി ഉൾപ്പെടെയുള്ളവരുടെ പിന്തുണ ലഭിക്കാനുള്ള ചർച്ചകളും പുരോഗമിക്കുന്നതായി ദി ടൈംസ് ഓഫ് ഇസ്രയേൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ഐസൻകോട്ടുമായി അധികാരം പങ്കിടുന്ന കരാറിൽ ഏർപ്പെടാനുള്ള സന്നദ്ധത അറിയിക്കാൻ നെതന്യാഹു തയ്യാറെടുക്കുകയാണ് എന്നാണ് ചാനൽ 13-നെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ധാരണപ്രകാരം രണ്ടാമത്തെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാൻ നെതന്യാഹു തയ്യാറാണ്. സാധ്യമായ കരാറിന്റെ നിബന്ധനകളെക്കുറിച്ച് ലികുഡ് പാർട്ടിയിൽ ഭിന്നത തുടരുന്നതിനാൽ, ഈ വാഗ്ദാനം അനൗദ്യോഗിക ചാനലുകൾ വഴി കൈമാറാനാണ് സാധ്യത. ഇത്, ആവശ്യമെങ്കിൽ ലികുഡ് പാർട്ടിക്ക് ഈ വാഗ്ദാനത്തെക്കുറിച്ച് നിഷേധിക്കാനുള്ള അവസരം നൽകും.

അതേസമയം, ഡെമോക്രാറ്റ്‌സ് അധ്യക്ഷൻ യായ്ര് ഗോലാൻ, ഇസ്രയേൽ ബെയ്‌തെനു അധ്യക്ഷൻ അവിഗ്‌ദോർ ലീബർമാൻ എന്നീ തന്റെ സഖ്യകക്ഷികളുടെ അനുമതിയില്ലാതെ ലികുഡ് പാർട്ടിയുമായി ചേർന്ന് ഐക്യസർക്കാർ രൂപീകരിക്കില്ലെന്ന് ഐസൻകോട്ട് ഉറപ്പുനൽകിയതായാണ് വിവരം. ഇരു നേതാക്കളും യാഷറുമായി സഖ്യകരാറിൽ ഒപ്പിട്ടിട്ടുള്ളവരും നെതന്യാഹു നയിക്കുന്ന സർക്കാരിൽ പങ്കാളികളാകുന്നത് തള്ളിക്കളഞ്ഞവരുമാണ്.

അതേസമയം, ലികുഡുമായി ചേർന്നുള്ള ഐക്യസർക്കാരിനെ പരസ്യമായി പിന്തുണയ്ക്കുന്ന ബി-യാചദ് (B'Yachad) അധ്യക്ഷൻ നഫ്താലി ബെനറ്റ്, നെതന്യാഹുവുമായുള്ള ചർച്ചകൾ പൂർത്തിയാകുന്നതിന് മുമ്പാണ് ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നതെങ്കിൽ ലികുഡുമായുള്ള സഖ്യത്തെ എതിർത്തേക്കാമെന്ന് ഐസൻകോട്ടിന്റെ സഖ്യത്തിലെ മുതിർന്ന നേതാക്കളെ ഉദ്ധരിച്ച് ചാനൽ 13 റിപ്പോർട്ട് ചെയ്തു.

ലികുഡുമായുള്ള സഖ്യച്ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ, കുറച്ചുകൂടി താല്പര്യമില്ലാത്ത മറ്റ് ബദലുകൾ പരിഗണിക്കാൻ തയ്യാറാണെന്ന് ബെനറ്റ് നേരത്തെ സൂചിപ്പിച്ചിരുന്നു. പ്രസിഡന്റ് ഐസക് ഹെർസോഗ് നൽകിയ 28 ദിവസത്തെ കാലാവധി ഡിസംബർ ആറിനാണ് അവസാനിക്കാനിക്കുക. അതുകൊണ്ടുതന്നെ, കടുത്ത പാർലമെന്ററി സമയപരിധിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ഐസൻകോട്ടിന്റെ ഈ രാഷ്ട്രീയ നീക്കങ്ങൾ.

120 അംഗ നെസ്സറ്റിൽ ഐസൻകോട്ടിന്റെ യാഷർ പാർട്ടി, ഗോലാന്റെ ദി ഡെമോക്രാറ്റ്‌സ്, ലീബർമാന്റെ ഇസ്രയേൽ ബെയ്‌തെനു എന്നിവർക്കെല്ലാം കൂടി ആകെയുള്ളത് 36 സീറ്റുകൾ മാത്രമാണ്. ബെനറ്റിന്റെ ബി-യാചദ് പാർട്ടിയുടെ പിന്തുണയുണ്ടെങ്കിൽ പോലും, ഈ നാല് പാർട്ടി സഖ്യത്തിന് 48 സീറ്റുകൾ മാത്രമേ തികയ്ക്കാനാകൂ. അപ്പോഴും ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകളിൽ നിന്ന് ഐസൻകോട്ട് ഏറെ അകലെയാണ്.

ഈ സാഹചര്യത്തിൽ, ഒരു ഭരണസഖ്യം രൂപീകരിക്കാൻ നെതന്യാഹുവിന്റെ ലികുഡ്, അൾട്രാ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ, അല്ലെങ്കിൽ റാം പോലുള്ള അറബ് ഭൂരിപക്ഷ പാർട്ടികൾ എന്നിവരിൽ ആരുടെയെങ്കിലും പിന്തുണ അനിവാര്യമാണ്.

അതേസമയം, മന്ത്രിസ്ഥാനങ്ങൾക്കും അറബ് സമൂഹങ്ങളിൽ വൻതോതിലുള്ള നിക്ഷേപങ്ങൾക്കും പകരമായി, നാല് വർഷത്തെ ഭരണകാലത്തുടനീളം ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ സുരക്ഷാപരമായ തീരുമാനങ്ങളെ പിന്തുണയ്ക്കാമെന്ന് അറബ് പാർട്ടിയായ റാം വാഗ്ദാനം ചെയ്തതായി ചാനൽ 12-നെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.

വെസ്റ്റ് ബാങ്കിലെ നിയന്ത്രണങ്ങൾ പോലുള്ള സുരക്ഷാ വിഷയങ്ങളിൽ ഉൾപ്പെടെ 'പൂർണമായ സഖ്യ അച്ചടക്കം' പാലിക്കുമെന്ന് റാം നേതാവ് മൻസൂർ അബ്ബാസ് ഐസൻകോട്ടിന്റെ സഖ്യ നേതാക്കൾക്ക് ഉറപ്പുനൽകിയതായാണ് വിവരം. അബ്ബാസിനും പാർട്ടിയുടെ രണ്ടാമത്തെ പ്രമുഖ നേതാവുമായ എം.കെ യോവ് സെഗലോവിറ്റ്സിനും (MK Yoav Segalovitz) ക്യാബിനറ്റ് പദവികൾ റാം ആവശ്യപ്പെടുന്നുണ്ട്.

ഒപ്പം അറബ് സമൂഹത്തിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സമഗ്രമായ പദ്ധതിയും, ദശകോടിക്കണക്കിന് ഷെക്കലുകളുടെ (shekels) പിന്തുണയോടെ അറബ് നഗരങ്ങളുടെയും മിശ്രിത നഗരങ്ങളുടെയും വികസനത്തിനായുള്ള അഞ്ചു വർഷത്തെ വികസന പരിപാടിയും അവർ ആവശ്യപ്പെടുന്നു. നെഗേവയിലെ (Negev) അറബ് സമൂഹങ്ങളിൽ കെട്ടിട നിർമാണം ക്രമീകരിക്കുന്നതിനുള്ള ദേശീയ പദ്ധതിയും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

ഐസൻകോട്ട് വാഗ്ദാനം നൽകുകയാണെങ്കിൽ, സർക്കാർ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം തങ്ങളുടെ ചില ആവശ്യങ്ങൾ ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിലും റാമിന് എതിർപ്പില്ലെന്നാണ് വിവരം. ആദ്യഘട്ട സർക്കാർ രൂപീകരണത്തിൽ റാം നേരിട്ട് പങ്കാളികളായേക്കില്ല, എങ്കിലും പിന്നീട് സഖ്യം വിപുലീകരിക്കാൻ ശ്രമിക്കുമെന്ന് ഐസൻകോട്ട് സൂചിപ്പിച്ചിട്ടുണ്ട്. ഹമാസിനെ ഒരു ഭീകര സംഘടനയായി അബ്ബാസ് പരസ്യമായി അംഗീകരിക്കുമെന്ന പ്രതീക്ഷകൾക്കിടയിലാണ് ഈ നീക്കങ്ങൾ നടക്കുന്നത്.

Content Highlights: Benjamin Netanyahu is reportedly ready to share the Israeli Prime Minister position with Yashar Party leader Gadi Eisenkot to resolve the political crisis, with Eisenkot serving first and Netanyahu taking over in the second phase. There are internal disagreements within Netanyahu's Likud party regarding this proposal, and Eisenkot is not fully satisfied with Netanyahu's promises, pursuing his own government formation efforts before the December 6 deadline. Eisenkot's coalition lacks a majority in the Knesset, requiring support from parties like Ra'am, which has offered conditional backing in exchange for ministerial positions and investments in Arab communities, while Netanyahu's unity government proposal faces opposition from Eisenkot's allies.