കെ.പി.ശര്‍മ ഒലി പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത് സൈനിക മേധാവി ആവശ്യപ്പെട്ടതോടെ

കാഠ്മണ്ഡു: നേപ്പാളിലെ യുവജനപ്രക്ഷോഭം ആളിക്കത്തിയതോടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി.ശര്‍മ ഒലിക്ക് രാജിവെക്കേണ്ടി വന്നിരുന്നു. ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതിലൂടെയും ദേശീയവാദ നയങ്ങള്‍ക്കും പേരുകേട്ട ഒലി സ്ഥാനത്ത് തുടരാന്‍ പ്രയത്‌നം നടത്തിയിരുന്നെങ്കിലും സൈനിക മേധാവിയും കൈവിട്ടതോടെയാണ് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ സൈനിക മേധാവി ഉള്‍പ്പടെയുള്ള ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് സംയുക്ത പ്രസ്താവനയിറക്കി.
സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനും തന്റെ വസതിയില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കുന്നതിനും സൈനിക സഹായം തേടി ഒലി നേപ്പാള്‍ സൈനിക മേധാവി ജനറല്‍ അശോക് രാജ് സിഗ്ഡലുമായി നേരത്തെ സംസാരിച്ചിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ അധികാരം ഉപേക്ഷിച്ചാല്‍ മാത്രമേ സൈന്യത്തിന് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കഴിയൂ എന്ന് പറഞ്ഞ കരസേനാ മേധാവി അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ ഉപദേശിച്ചതായാണ് റിപ്പോര്‍ട്ട്. കെ.പി. ശര്‍മ ഒലി ദുബായിലേക്ക് പലായനം ചെയ്യാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമായതോടെ, നേപ്പാളി സൈന്യം മന്ത്രിമാരെ വസതികളില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ഒഴിപ്പിക്കാന്‍ തുടങ്ങിയിരുന്നു. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വീടുകള്‍ക്ക് നേരെ നടന്ന തീവെപ്പ്, ആക്രമണ സംഭവങ്ങളെ തുടര്‍ന്നായിരുന്നു ഈ നടപടി. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ പ്രസിഡന്റിന്റേയും വസതികളും ആക്രമിച്ചിരുന്നു.
രാജിക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ്, സമാധാനം പാലിക്കാനും സംയമനം പാലിക്കാനും ഒലി പ്രക്ഷോഭകരോട് അഭ്യര്‍ത്ഥിക്കുകയും, ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി വൈകുന്നേരം 6 മണിക്ക് അദ്ദേഹം ഒരു സര്‍വകക്ഷി യോഗവും പ്രഖ്യാപിച്ചിരുന്നു. 'ഏത് തരത്തിലുള്ള അക്രമവും രാജ്യതാല്‍പ്പര്യത്തിന് ചേര്‍ന്നതല്ല. നമ്മള്‍ സമാധാനപരമായ ചര്‍ച്ചകളും സംഭാഷണങ്ങളും സ്വീകരിക്കണം' എന്നാണ് ഒലി തന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രക്ഷോഭകര്‍ ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെ ഒലിയുടെ മേല്‍ രാജിക്കുള്ള സമ്മര്‍ദ്ദമേറുകയും അദ്ദേഹം രാജിപ്രഖ്യാപിക്കുകയുമായിരുന്നു. വൈകുന്നേരം ചേരാനിരുന്ന മന്ത്രിസഭാ യോഗത്തിന് മുന്നോടിയായാണ് ഒലി രാജി സമർപ്പിച്ചത്.
മന്ത്രിമാരെ കൊണ്ടുപോകുന്നതിനായി അഞ്ച് സൈനിക ഹെലികോപ്റ്ററുകളാണ് വിന്യസിച്ചിരുന്നത്. വര്‍ധിച്ചുവരുന്ന അസ്വസ്ഥതകള്‍ക്കിടയില്‍ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം പിന്നീട് അടച്ചുപൂട്ടുകയും ചെയ്തു, എല്ലാ വിമാനങ്ങളും റദ്ദാക്കി, ഡ്രോണുകള്‍ പറത്തിയും,ലേസര്‍ ലൈറ്റുകള്‍ ഉപയോഗിച്ചും വിമാനങ്ങളെ തടസ്സപ്പെടുത്താന്‍ വിമാനങ്ങളെ തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തതോടെ മന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെയും ജീവന് ഭീഷണി ഉയര്‍ന്നു. ഇതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യം സൈനിക മേധാവി പ്രധാനമന്ത്രിയെ അറിയിച്ചതും രാജിവെക്കാന്‍ നിര്‍ദേശിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. കലാപം കൈകാര്യം ചെയ്യുന്നതിലെ സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് നാല് മന്ത്രിമാരും രാജിവെച്ചിരുന്നു.
Content Highlights: Nepal PM Oli resigns after Army Chief asks him to quit amid Gen Z protests