‘ഇന്ത്യൻ പ്രദേശങ്ങൾ നേപ്പാളും കൈയേറിയിട്ടുണ്ട്’; വിവാദ പരാമർശവുമായി നേപ്പാൾ പ്രധാനമന്ത്രി

കാഠ്മണ്ഡു: ചില ഇന്ത്യൻ ഭൂപ്രദേശങ്ങൾ നേപ്പാളും കൈയേറിയിട്ടുണ്ടെന്ന് പാർലമെന്റിൽ പറഞ്ഞു കുടുങ്ങി നേപ്പാൾ പ്രധാനമന്ത്രി ബലേൻ ഷാ. ദീർഘകാല അതിർത്തിത്തർക്കത്തിനിടെ, ഇന്ത്യൻ ഭൂപ്രദേശം കൈയേറിയെന്ന് സമ്മതിച്ചുകൊണ്ട് നേപ്പാൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യ പ്രതികരണമാണിത്.
ഇന്ത്യയും നേപ്പാളും പരമാധികാരമുന്നയിക്കുന്ന കാലാപാനിയെക്കുറിച്ച് ചോദ്യമുയർന്നപ്പോഴാണ് ബലേന്റെ വിവാദ പരാമർശം. “നിങ്ങൾക്ക് ഇത് വിചിത്രമായി തോന്നാം. ഞാനും അടുത്തിടെയാണ് മനസ്സിലാക്കിയത്, പ്രധാനമന്ത്രിയായതിനുശേഷം.. ഇന്ത്യ മാത്രമല്ല തിരിച്ച് നേപ്പാളും പലയിടത്തായി ഇന്ത്യൻ ഭൂപ്രദേശങ്ങളിലേക്ക് അതിക്രമിച്ചുകടന്നിട്ടുണ്ട്” -ബലേൻ പറഞ്ഞു. ഇതോടെ നേപ്പാളി പാർലമെന്റ് പ്രക്ഷുബ്ധമായി.
നേപ്പാൾ അതിക്രമിച്ചുകയറിയത് എവിടെ ഏതു സ്ഥലത്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് നേപ്പാളി കോൺഗ്രസ്, നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. ബലേന്റെ പരാമർശം സഭാരേഖകകളിൽനിന്ന് നീക്കണമെന്നും പറഞ്ഞു. മാർച്ച് 27-ന് അധികാരമേറ്റ ബലേൻ ഷായുടെ ആദ്യ പാർലമെന്റ് അഭിസംബോധനയായിരുന്നു ഞായറാഴ്ചത്തേത്.
Content Highlights: Prime Minister Balen Shah admits Nepal encroached on Indian land., Controversial statement made during the first parliamentary address on March 2026., Nepal opposition parties demand clarification and removal of remarks from records., Heightened tensions surrounding the long-standing Kalapani border dispute.