നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ല| video

കാഠ്മണ്ഡു: തുള്ളി മഴപോലുംപെയ്യാത്ത ഒരു പകൽ ഹിമാലയത്തിൽനിന്ന് കുത്തിയൊലിച്ചുവന്ന പ്രളയജലത്തിൽ നേപ്പാൾ ദുരന്തഭൂമിയായി. ബുധനാഴ്ച രാവിലെ നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 392 ആയി. നേപ്പാളിൽ 389 പേരും ടിബറ്റിലെ ഗിറോങ് പോർട്ട് പ്രദേശത്ത് മൂന്നുപേരുമാണ് മരിച്ചത്. ഇരു രാജ്യങ്ങളിലുമായി 1400 പേരെയെങ്കിലും കാണാതായിട്ടുണ്ട്. ഇന്ത്യക്കാരടക്കം 30 രാജ്യങ്ങളിൽനിന്നുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് വിവരം.
ഹിമാലയത്തിലെ കൂറ്റൻ ഹിമാനിയുടെ ഒരു ഭാഗം തകർന്ന് നേപ്പാൾ-ടിബറ്റ് അതിർത്തിയിലുള്ള ലാങ്ടാങ് ദേശീയോദ്യാനത്തിൽ പതിച്ചതാണ് ദുരന്തകാരണം. ഇത് ലാൻഡെ ഖോല, ഭോട്ടേ കോശി, ത്രിശൂലി നദികളിലേക്ക് വലിയതോതിൽ വെള്ളവും ചെളിയും പാറകളും മഞ്ഞുകട്ടകളും തള്ളിവിട്ടു. നിമിഷങ്ങൾക്കകം നദിക്കരയിലുള്ള ഗ്രാമങ്ങളെയും പട്ടണങ്ങളെയും തകർത്തെറിഞ്ഞ് പ്രളയം നേപ്പാളിലെത്തി. സെക്കൻഡിൽ 50 മീറ്റർ വേഗത്തിലാണ് വെള്ളം ഇരച്ചെത്തിയത്. നേപ്പാളിന്റെ തെക്കുഭാഗത്തേക്ക് 170 കിലോമീറ്റർവരെ വെള്ളം എത്തിച്ചേർന്നെന്നാണ് റിപ്പോർട്ടുകൾ.
കെട്ടിടങ്ങളെയും റോഡുകളെയും നിമിഷംകൊണ്ട് തുടച്ചെടുത്ത പ്രളയപ്പാച്ചിലിൽ പലരും കിലോമീറ്ററുകളോളം ഒഴുകിപ്പോയി. പ്രദേശത്ത് വലിയതോതിൽ ചെളിയടിഞ്ഞത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മിന്നൽപ്രളയത്തിൽ ഉയർന്നുവന്ന വൻ അവശിഷ്ടങ്ങൾ നദീതീരത്തെ ഗ്രാമങ്ങളെ തുടച്ചുനീക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഭോട്ടേകോശി, ത്രിശൂലി നദികൾ കരകവിഞ്ഞ് വെള്ളവും ചെളിയും വീടുകളിലേക്ക് ഇരച്ചുകയറുന്നതും പാലങ്ങൾ, റോഡുകൾ, വാഹനങ്ങൾ എന്നിവ ഒഴുക്കിക്കൊണ്ടുപോകുന്നതും പ്രദേശം മുഴുവൻ കട്ടിയുള്ള ചെളിക്കടിയിലാകുന്നതും ദൃശ്യങ്ങളിൽ കാണാം.
Bright daylight, clear skies, and then suddenly a tsunami like wave crashes into a village. These scenes from Nepal today are beyond horrific. Everything feels like a doomsday scene.95+ people reported killed and 500+ still missing. Prayers for everyone #Nepal 🙏 https://t.co/0aIccVPsd8 pic.twitter.com/zSOXpiA0nK
— Nikhil saini (@iNikhilsaini) August 26, 2026
നേപ്പാളിൽ 910 പേരെയാണ് കാണാതായത്. ഇതിൽ 517പേർ വിദേശത്തുനിന്നുള്ള വിനോദ സഞ്ചാരികളാണ്. ടിബറ്റിൽ 558 പേരെ കാണാതായെന്ന് ചൈനയുടെ ദേശീയ മാധ്യമം റിപ്പോർട്ടുചെയ്തു. ഇതിൽ 260 പേർ വിദേശികളാണ്. ചൈനയുടെ സ്വയംഭരണപ്രദേശമായ ടിബറ്റിൽ മാധ്യമപ്രവർത്തകർക്ക് നിയന്ത്രണമുള്ളതിനാൽ ദുരന്തത്തിന്റെ യഥാർഥമുഖം ഇനിയും വ്യക്തമായിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
കാണാതായവർക്കായി ഇരു രാജ്യങ്ങളും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. 800 രക്ഷാപ്രവർത്തകർ, പോലീസ് നായകൾ, സ്പീഡ് ബോട്ടുകൾ, ഹെലികോപ്റ്ററുകൾ എന്നിവ ടിബറ്റിലെ തിരച്ചിലിന്റെ ഭാഗമാണെന്ന് ചൈനയിലെ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
മൂന്നുദിവസത്തിനകം ഒരു പ്രളയംകൂടി ഈ വഴി വരുമെന്ന മുന്നറിയിപ്പുള്ളതിനാൽ അതിജാഗ്രതയിലാണ് നേപ്പാൾ. ജലവൈദ്യുത പദ്ധതികളെയും സാരമായി ബാധിച്ചു.രാജ്യത്തെ മൊത്തം ജലവൈദ്യുതശേഷിയുടെ 12 ശതമാനത്തോളം തകരാറിലായെന്ന് നേപ്പാൾ വൈദ്യുതമന്ത്രാലയം അറിയിച്ചു.
ന്യൂഡൽഹി: നേപ്പാൾ പ്രളയത്തിൽ മലയാളികളടക്കം 290 ഇന്ത്യക്കാരെ കാണാതായെന്ന് വിദേശകാര്യ മന്ത്രാലയം. ചൈനീസ് വശത്ത് ഇരുനൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഇവരെ രക്ഷപ്പെടുത്തുന്നതിന് നേപ്പാൾ അധികൃതരെ ബന്ധപ്പെട്ട് എല്ലാ ശ്രമങ്ങളും നടത്തിവരുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. 84പേരെ ഇതിനകം രക്ഷിച്ചു.
കൈലാസ മാനസസരോവർ തീർഥയാത്രയ്ക്കു പോയവരാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയുമെന്നാണ് അധികൃതർ പറയുന്നത്. കാണാതായ 288 ഇന്ത്യക്കാരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. ത്രിശൂലി വൺ പവർ പ്രോജക്ടിന്റെ ഭാഗമായി ജോലിചെയ്തിരുന്ന 73 ഇന്ത്യക്കാർ ഇതിലുൾപ്പെടുന്നു. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുമായും ത്രിശൂലി പ്രോജക്ട് സംഘവുമായും ബന്ധപ്പെട്ട് കാണാതായവരുടെ വിവരങ്ങൾ തേടുന്നുണ്ട്.
യു.പി.യിലെ നദികളിൽ ജാഗ്രത, മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി
നേപ്പാളിലെ മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ അവിടെനിന്ന് വെള്ളം ഒഴുകിയെത്തുന്ന യു.പി.യിലെ നദീതീരങ്ങളിൽ അതിജാഗ്രത പ്രഖ്യാപിച്ചു. നേപ്പാളുമായി അതിർത്തിപങ്കിടുന്ന യു.പി.യുടെ മഹാരാജാഗഞ്ച്, കുഷിനഗർ ജില്ലകളിലാണ് ജാഗ്രതാനിർദേശം. ഇവിടെ നദികളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിനൊപ്പം വെള്ളപ്പൊക്കമുണ്ടായാൽ മാറ്റിപ്പാർപ്പിക്കേണ്ട ഗ്രാമങ്ങളിലുള്ളവരുടെ കണക്കെടുപ്പും നടത്തി. പ്രളയസാഹചര്യം മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
അതിനിടെ, മഹാരാജാഗഞ്ചിൽ ഗന്ദക്ക് നദിയിൽ ഒഴുകിയെത്തിയ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. അതിർത്തികാവൽ സേനയായ എസ്.എസ്.ബി.യുടെ രക്ഷാദൗത്യസംഘമാണ് രണ്ട് സ്ത്രീകളടക്കമുള്ളവരുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനയച്ച മൃതദേഹങ്ങൾ തിരിച്ചറിയാൻ നേപ്പാളധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് മഹാരാജാഗഞ്ച് ജില്ലാ ഭരണകൂടം അറിയിച്ചു.
തമിഴ്നാട്ടിൽനിന്ന് ട്രാവൽ ഏജൻസികൾ മുഖേന കൈലാസ മാനസസരോവർ യാത്രപോയ 37, 49 പേരടങ്ങുന്ന രണ്ട് വ്യത്യസ്ത സംഘങ്ങളെക്കുറിച്ചും വിവരമില്ല. ബംഗാളിൽനിന്നുപോയ 32 അംഗ സംഘവും കേരളത്തിൽനിന്നുപോയ 33 പേരുടെ സംഘവുമുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 61 പേരടങ്ങുന്ന സംഘവും കാണാതായവരിൽ ഉൾപ്പെടുന്നു. മാനസസരോവർ യാത്രയ്ക്കുപോയ ഇരുനൂറോളം പേർ ടിബറ്റൻ വശത്ത് കുടുങ്ങിക്കിടക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
ഭൂചലനമല്ല, കാരണം ഹിമപാതംതന്നെ
നേപ്പാളിലെ അപ്രതീക്ഷിത മിന്നൽപ്രളയത്തിന് കാരണം റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ, ഇത് ഭൂകമ്പമല്ലെന്നും ഹിമാനിയുടെ തകർച്ചയാണെന്നും യു.എസ്. ജിയോളജിക്കൽ സർവേ വിഭാഗം വ്യക്തമാക്കി. ടിബറ്റ് അതിർത്തിയിലെ 5,200 മീറ്റർ ഉയരത്തിലുള്ള ഒരു പർവതത്തിൽനിന്ന് വലിയതോതിൽ ഹിമാനിയും പാറകളും ഇടിഞ്ഞുവീഴുകയായിരുന്നു. ബുധനാഴ്ച പകൽ 8.37-ന് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 60 കിലോമീറ്റർ മാറി നേപ്പാൾ ടിബറ്റ് അതിർത്തിയിലുള്ള ലങ്ടാങ് ദേശീയോദ്യാനത്തിലാണ് കൂറ്റൻ ഹിമാനി പതിക്കുന്നത്.
ഇത് ഭോട്ടെ കോശിയുടെ പോഷകനദിയായ ലെൻഡേയിലെ ഒഴുക്കു തടസ്സപ്പെടുത്തുകയും തുടർന്ന് മണ്ണും ചെളിയുംകലർന്ന ശക്തമായ ജലപ്രവാഹം താഴ്വരകളിലേക്കു പതിക്കുകയുമായിരുന്നു. ഈ ഹിമപാതത്തിന്റെ ആഘാതംമൂലമാണ് ഭൂചലനമുണ്ടായത്. സിസ്മിക് തരംഗങ്ങളുടെ തീവ്രത 5.2 ആയി പുതുക്കിനിശ്ചയിച്ചതായും ശാസ്ത്രജ്ഞർ വ്യക്തമാക്കി.
Content Highlights: Flash flood triggered by glacier collapse at Nepal-Tibet border kills 392 people., Over 1,400 people missing, including nearly 290 Indian nationals., Many missing are Kailash Mansarovar pilgrims and workers from the Trishuli power project., Uttar Pradesh issues high alert along riverbanks as bodies wash ashore.