'ദുരന്തത്തിന് കാരണം ഭൂചലനമല്ല';റിപ്പോർട്ട് തിരുത്തി USGS; നേപ്പാളിൽ മരണം 160 ആയി, 844 പേരെ കാണാനില്ല

#ന്യൂസ് ഡെസ്ക്
പ്രദേശത്തെ ആകാശ ദൃശ്യം | Photo: AFP
പ്രദേശത്തെ ആകാശ ദൃശ്യം | Photo: AFP

കാഠ്മണ്ഡു: ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന് മുമ്പായുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ. ശക്തമായ ഉരുൾപൊട്ടൽ മൂലമാണ് ഇത്തരത്തിൽ പ്രകമ്പനം ഉണ്ടായതെന്ന് യു.എസ്.ജി.എസ്. വ്യക്തമാക്കുന്നു.

പ്രാദേശിക സമയം രാവിലെ 8:37-നാണ് കാഠ്മണ്ഡുവിന് വടക്ക് നേപ്പാൾ-ചൈന അതിർത്തി മേഖലയിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി യു.എസ്.ജി.എസ്. ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഏകദേശം ഇതേ സമയത്തുതന്നെ ചൈനയിൽ നിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ കൈവഴിയായ ലെൻഡെ ഖോല നദിയിലേക്ക് മലഞ്ചെരിവിൽ നിന്ന് വൻ മണ്ണിടിച്ചിൽ ഉണ്ടായി. ഇതാണ് പ്രളയത്തിന് കാരണമെന്നാണ് യു.എസ്.ജി.എസ് റിപ്പോർട്ടിൽ പറയുന്നത്. 5.2 തീവ്രതയുള്ള ഭൂകമ്പത്തിന് തുല്യമായ ആഘാതം സൃഷ്ടിച്ച വൻ മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വെള്ളപ്പൊക്കത്തെ തുടർന്ന് റസുവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ 160 പേർ മരിച്ചതായാണ് വിവരം.  വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്ന നടപടികൾ നടക്കുന്നുണ്ട്.

844 പേരെ കാണാതായതായിട്ടുണ്ട്. 403 വിനോദ സഞ്ചാരികളെ കാണാനില്ലെന്നാണ് േനപ്പാൾ ടൂറിസംവകുപ്പ് വ്യക്തമാക്കുന്നത്. 341 പേർ വിദേശികളാണ്. കാണാതായവരിൽ 142 ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയ, ബ്രിട്ടൺ, മലേഷ്യ, നെതർലാൻഡ്സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളേയും കാണാതായിട്ടുണ്ട്.

ചെളിക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരേയും മൃതദേഹങ്ങളേയും കണ്ടെത്താനുള്ള തീവ്രശ്രമവുമായി രക്ഷാപ്രവർത്തകർ പോകുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ബലേന്ദ്ര ഷാ ഉറപ്പുനൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ബാലേന്ദ്ര ഷായെ വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 10 ടൺ ദുരിതാശ്വാസ സാമഗ്രികളും അത്യാവശ്യ മരുന്നുകളും ഇന്ത്യ ഇതിനോടകം നേപ്പാളിലെത്തിക്കുകയും ചെയ്തു.

പ്രളയത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ബിഹാറിലെ പശ്ചിമ ചമ്പാരൻ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇൻഡോ-നേപ്പാൾ അതിർത്തിയിലൂടെയും ഗണ്ഡക് നദിയുടെ തീരങ്ങളിലൂടെയും ഉള്ള ഗ്രാമങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കാൻ വെസ്റ്റ് ചമ്പാരൻ ജില്ലാ മജിസ്‌ട്രേറ്റ് തരൺജോത് സിങ് നിർദ്ദേശം നൽകി. സ്ഥിതി നേരിടാൻ പശ്ചിമ ചമ്പാരൻ, മുസാഫർപുർ തുടങ്ങിയ ഇടങ്ങളിലായി ഒൻപത് എൻ.ഡി.ആർ.എഫ് സംഘങ്ങളെ ബിഹാറിൽ വിന്യസിച്ചു. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതിർത്തി ജില്ലകളായ മഹാരാജ്ഗഞ്ച്, കുശിനഗർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരോട് അതീവ ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്.

Content Highlights: USGS corrects its initial report, confirming a massive landslide rather than an earthquake caused the disaster., The disaster triggered severe flooding in the Bhote Koshi river tributary area near the Nepal-China border., Death toll reaches 160, with 844 people missing, including 142 Indian nationals., Rescue and relief operations are ongoing under the leadership of Prime Balendra Shah.