വീണ്ടും പ്രളയഭീതിയിൽ നേപ്പാൾ; മഞ്ഞുരുകിയുണ്ടായ തടാകം തകരും; മുന്നറിയിപ്പുമായി ചൈന, മരണം 350 ആയി

കാഠ്മണ്ഡു: പ്രളയത്തിനും നാശനഷ്ടങ്ങൾക്കും പിന്നാലെ നേപ്പാളിലും ചൈന അതിർത്തിയിലും വീണ്ടും പ്രളയഭീതി പടരുന്നു. അതിർത്തിക്കപ്പുറത്ത് ചൈനയിൽ പുതിയതായി രൂപപ്പെട്ട ഒരു തടാകം ഏതുനിമിഷവും തകരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ചൈനയിലെ ചോച്ചൻ ഖോള (Chhochen Khola), പുരേപു സാങ്പോ (Purepu Tsangpo) നദികളുടെ സംഗമസ്ഥാനത്ത് പുതിയൊരു തടാകം രൂപപ്പെട്ടിരിക്കുന്നതായി ചൈനീസ് ജലവിഭവ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഇതിൽ ഏകദേശം 20 ലക്ഷം ഘനമീറ്റർ വെള്ളം സംഭരിക്കപ്പെടുകയും ഇത് കവിഞ്ഞൊഴുകാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 30 ലക്ഷം ഘനമീറ്റർ വെള്ളം കൂടി ഇതിലേക്ക് ഒഴുകിയെത്തുമെന്നും ഇത് ഏതുസമയത്തും തകരാൻ വലിയ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ.
തടാകം തകർന്നാലുണ്ടാകുന്ന പ്രത്യാഘാതം നേരിടാൻ ചൈനീസ് എഞ്ചിനീയർമാർ തയാറെടുപ്പുകൾ നടത്തുന്നുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഭോട്ടേകോശി, ത്രിശൂലി, നാരായണി നദികളുടെ തീരങ്ങളിലുള്ള ജനങ്ങളോട് നദിക്കരകളിൽ നിന്ന് മാറിനിൽക്കാൻ നേപ്പാൾ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 26-ന് നേപ്പാളിലെ ഭോട്ടേകോശി നദിയിലാണ് വൻ നാശനഷ്ടമുണ്ടാക്കിയ വെള്ളപ്പൊക്കമുണ്ടായത്. വലിയൊരു ഹിമാനിയുടെ ഭാഗം തകർന്നു വീണതാണ് ഇതിന് കാരണമായത്. ലാംഗ്താങ് ലിറുങ് പർവതനിരയുടെ 5,200 മീറ്റർ ഉയരത്തിൽ നിന്ന് ഹിമപാളി 1,200 മീറ്ററോളം താഴേക്ക് പതിച്ച് ഭോട്ടേകോശിയുടെ പോഷകനദിയായ ലെൻഡെ നദിയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ഹിമപാളികളും മണ്ണും പാറക്കല്ലുകളും ചേർന്ന് നദിയിൽ ഒരു സ്വാഭാവിക അണക്കെട്ട് രൂപപ്പെടുകയും, പിന്നീട് ഇത് പെട്ടെന്ന് തകർന്നതോടെ ചെളിയും മഞ്ഞും പാറക്കല്ലുകളും നിറഞ്ഞ കൂറ്റൻ ജലപ്രവാഹം താഴേക്ക് കുതിച്ചൊഴുകുകയുമാണുണ്ടായത്. സെക്കൻഡിൽ 5,850 ഘനമീറ്റർ എന്ന നിരക്കിലാണ് പ്രളയ ജലം ഒഴുകിയെത്തിയത്.
ഇതേസമയം തന്നെ ചൈനയിലെ ടിബറ്റ് മേഖലയിലുള്ള ഗിയിറോങ് അതിർത്തി കവാടത്തിന് സമീപം വലിയ ഉരുൾപൊട്ടലുമുണ്ടായി. ഇതുരണ്ടും ചേർന്നുണ്ടാക്കിയ ദുരന്തം സമാനതകളില്ലാത്തതായിരുന്നു. ദുരന്തത്തിൽ ഇതുവരെ നേപ്പാളിൽ മരണം 350 കടന്നുവെന്നാണ് കണക്കുകൾ. 288 ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. 100 ചൈനക്കാരെയും കാണാതായിട്ടുണ്ട്. ചൈനീസ് ഭാഗത്ത് മൂന്ന് മരണങ്ങൾ സ്ഥിരീകരിക്കുകയും 558 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ആഗോളതാപന നിരക്ക് വർദ്ധിക്കുന്നതാണ് ഇത്തരം പെട്ടെന്നുള്ള ഹിമപാതങ്ങൾക്കും പ്രളയങ്ങൾക്കും കാരണമെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റ് ചൂണ്ടിക്കാണിക്കുന്നു. ഹിമാലയത്തിൽ മഞ്ഞുപാളികൾ ഉരുകി രൂപം കൊള്ളുന്ന തടാകങ്ങളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. 2005-ൽ ഏകദേശം 1,900 ആയിരുന്ന ഹിമാലയൻ ഹിമതടാകങ്ങളുടെ എണ്ണം ഇപ്പോൾ 2,600-ലധികമായി വർദ്ധിച്ചിട്ടുണ്ട്.
Content Highlights: A new glacial lake has formed at the confluence of Chhochen Khola and Purepu Tsangpo rivers in China., The lake currently holds 2 million cubic meters of water and risks bursting within the next three days., Nepalese authorities issued strict warnings for residents along the Bhotekoshi, Trishuli, and Narayani riverbanks., Global warming has accelerated the melting of Himalayan glaciers, increasing the number of dangerous glacial lakes from 1,900 in 2005 to over 2,600.