യുക്രൈനിൽ ചരക്കുകപ്പലിനുനേരെ ആക്രമണം; രണ്ട് ഇന്ത്യക്കാർക്കായി തിരച്ചിൽ

ന്യൂഡൽഹി: യുക്രൈനിൽ നാല് ഇന്ത്യക്കാർ സഞ്ചരിച്ച ചരക്കുകപ്പലിനുനേരെ ആക്രമണം. രണ്ടുപേർ സുരക്ഷിതരാണെന്നും മറ്റു രണ്ടുപേരെക്കുറിച്ച് വിവരങ്ങൾ തേടിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. യുക്രൈനിലെ ഒഡെസ തുറമുഖത്തുവെച്ച് ശനിയാഴ്ചയാണ് എംവി എജിഎൻ രാഗ്നർ (MV AGN Ragnar) എന്ന കപ്പലിനുനേരെ ആക്രമണമുണ്ടായത്.
സംഭവസമയത്ത് നാല് ഇന്ത്യക്കാർ കപ്പലിലുണ്ടായിരുന്നെന്ന കാര്യം എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുംപുതിയ വിവരങ്ങളനുസരിച്ച്, രണ്ടുപേർ സുരക്ഷിതരാണെന്നും മറ്റു രണ്ടുപേരുടെ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും എംബസി വ്യക്തമാക്കി. അധികൃതരുമായി ഇടപെട്ട് കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
ആക്രമണത്തിന്റെ ഉറവിടം സംബന്ധിച്ചോ കപ്പലിലുണ്ടായിരുന്നവരുടെ ആകെ എണ്ണം സംബന്ധിച്ചോ വിവരങ്ങൾ ലഭ്യമല്ല. ഇന്ത്യക്കാരേക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
പ്രധാന കരിങ്കടൽ തുറമുഖമായ ഒഡെസയിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ പതിവാണ്. രാജ്യത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുക്രൈനിലേക്ക് യാത്രചെയ്യുന്നത് ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാരോട് അഭ്യർഥിച്ചിട്ടുണ്ട്. രാജ്യത്തെ ഇന്ത്യൻ പൗരന്മാർക്ക് കോൺസുലാർ സഹായം നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.