മോസ്കോയിൽ റസ്റ്റോറന്റിന് മുന്നിൽ സ്ഫോടനം; ചാവേറായെത്തിയ സ്ത്രീയുൾപ്പെടെ 3 മരണം, 21 പേർക്ക് പരിക്ക്

#ന്യൂസ് ഡെസ്ക്
Photo: AP
Photo: AP

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ പ്രമുഖ റസ്റ്റോറന്റിന് മുന്നിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരമായിരുന്നു സ്ഫോടനം.

മോസ്കോയിലെ കുദ്രിൻസ്കയ സ്ക്വയറിലുള്ള 'ബാൽസി റോസി' എന്ന ഇറ്റാലിയൻ റസ്റ്റോറന്റിലേക്ക് സ്ഫോടകവസ്തുക്കളുമായി പ്രവേശിക്കാൻ ശ്രമിച്ച സ്ത്രീയാണ് കൊല്ലപ്പെട്ടവരിലൊരാൾ. ചാവേറായെത്തിയ സ്ത്രീയെ തടഞ്ഞ സെക്യൂരിറ്റി ഗാർഡും റസ്റ്റോറന്റിലുണ്ടായിരുന്നയാളുമായിരുന്നു കൊല്ലപ്പെട്ട മറ്റ് രണ്ടുപേർ.

സ്ഫോടനത്തിന് ഐഇഡി ആണ് ഉപയോഗിച്ചതെന്ന് റഷ്യയുടെ നാഷണൽ ആന്റി ടെററിസം കമ്മിറ്റി സ്ഥിരീകരിച്ചു. കെട്ടിടത്തിലേക്ക് കയറുന്നത് സെക്യൂരിറ്റി ഗാർഡ് തടഞ്ഞതിന് തൊട്ടുപിന്നാലെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു സ്വകാര്യ ചടങ്ങ് നടന്നിരുന്നതിനാൽ പൊതുജനങ്ങൾക്ക് റസ്റ്റോറന്റിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

സ്ഫോടനത്തിൽ പരിക്കേറ്റ 21 പേരിൽ പലരുടെയും നില ഗുരുതരമാണ്. റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയും സുരക്ഷാ സേനയും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനം റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നടത്തിയതാണോ അതോ അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Content Highlights: Three fatalities reported at a Moscow restaurant, 21 individuals injured with several in critical condition, National Anti-Terrorism Committee confirmed IED usage, Ongoing investigation by the Russian Investigative Committee, Suicide bomber identified as the primary perpetrator