ഗൾഫ് രാജ്യങ്ങൾ ഇനി അമേരിക്കൻ താവളങ്ങളുടെ കവചമാകില്ല- മുന്നറിയിപ്പുമായി മുജ്തബ ഖമനേയി

#ന്യൂസ് ഡെസ്ക്
മുജ്തബ ഖമേനി | Photo: AP
മുജ്തബ ഖമേനി | Photo: AP

ടെഹ്‌റാൻ: ഗൾഫ് മേഖലയിലെ രാജ്യങ്ങൾ ഇനി അമേരിക്കൻ സൈനിക താവളങ്ങളുടെ ‘കവചമായി’ പ്രവർത്തിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി. ഈദ് അൽ-അദ്ഹ പ്രമാണിച്ച് നൽകിയ സന്ദേശത്തിലാണ് മുജ്തബ ഇക്കാര്യം അറിയിച്ചത്.

ഇറാന്റെ സൈന്യം മേഖലയിലെ അമേരിക്കൻ താവളങ്ങളെ ലക്ഷ്യംവെച്ചിട്ടുണ്ടെന്ന് ഖമനേയി മുന്നറിയിപ്പ് നൽകി. ഗൾഫ് മേഖലയിൽ അമേരിക്കയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നും അവർക്ക് ഇനി മേഖലയിൽ സുരക്ഷിതമായ ഒളിത്താവളങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ 14 ഇന ധാരണാപത്രം സംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ കരാർ പ്രകാരം യുദ്ധം താൽക്കാലികമായി നിർത്താനും കൂടുതൽ ചർച്ചകൾക്കായി 60 ദിവസത്തെ സമയം അനുവദിക്കാനും സാധ്യതയുണ്ട്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കുന്നതിന് പകരമായി, അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം നീക്കം ചെയ്യുന്നതിലാണ് ചർച്ചകൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. യുറേനിയം ശേഖരം കൈവിടാൻ ഇറാൻ സമ്മതിച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥരും സൂചിപ്പിക്കുന്നു.

എങ്കിലും, ഇറാന്റെ ആണവ പദ്ധതികളും ബാലസ്റ്റിക് മിസൈൽ ശേഷിയും സംബന്ധിച്ച് ഇരുപക്ഷവും തമ്മിൽ ഇപ്പോഴും വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ അംഗീകാരത്തിന് ശേഷം മാത്രമേ ഈ കരാറിൽ അന്തിമ തീരുമാനമുണ്ടാകൂ.

Content Highlights: Mojtaba Khamenei declares Gulf nations will no longer shield US military bases., Iran and US are negotiating a 14-point peace memorandum in 2026., Proposed deal includes lifting naval blockades in exchange for safe passage in the Strait of Hormuz., Iran considers limits on uranium stockpiles pending national security council approval.