മുജ്തബ പൊതുവേദിയിൽ എത്തുമോ? ജൂലൈ 23ന് പ്രത്യേക ചടങ്ങ്

#ന്യൂസ് ഡെസ്ക്
മൊജ്തബ ഖമനേയി | Photo: AFP
മൊജ്തബ ഖമനേയി | Photo: AFP

ടെഹ്‌റാൻ: കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ സ്മരാണാഞ്ജലി ചടങ്ങിൽ മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബ ഖമനേയി പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. ജൂലൈ 23 ന് വൈകിട്ട് അഞ്ചുമുതൽ ഏഴുമണിവരെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. അന്നേദിവസം മുജ്തബ നേരിട്ട് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അലി ഖമേനേയിയുടെ മരണശേഷം പരമോന്നത നേതാവായി ചുമതലയേറ്റെങ്കിലും മുജ്തബ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അലി ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും ശവസംസ്‌കാര ചടങ്ങിൽ മൊജ്തബയുടെ അഭാവം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അലി ഖമനേയിയുടെ മറ്റ് മൂന്ന് പുത്രന്മാരായ മുസ്തഫ, മെയ്സം, മസൂദ് എന്നിവരാണ് ശവസംസ്‌കാര പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. അലി ഖമനേയി കൊല്ലപ്പെട്ട ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മകളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ആയത്തൊള്ള അലി ഖമേനേയിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്ന് മുജ്തബ ഖമേനേയി നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. പ്രതികാരം എന്നത് രാജ്യത്തിന്റെ തീരുമാനമാണെന്നും അത് അനിവാര്യമായും നടപ്പിലാക്കുമെന്നും മുജ്തബ തന്റെ ആദ്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി. വധിക്കാൻ ലക്ഷ്യമിടുന്ന വ്യക്തികളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട് എന്നാണ് മുജ്തബയുടെ പ്രസ്താവനയിൽ പറയുന്നത്.

ജൂൺ 17-ലെ വെടിനിർത്തൽ കരാർ പരാജയപ്പെട്ടതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഇതിനിടെയാണ് പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനം വന്നത്. എന്നാൽ തനിക്കെതിരായ ഏതൊരു വധശ്രമത്തിനും കടുത്ത പ്രത്യാഘാതമാകും ഉണ്ടാവുക എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോരും പ്രത്യാക്രമണങ്ങളും മേഖലയിൽ പുതിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന സ്മരണാഞ്ജലി ചടങ്ങ് പുതിയ നേതാവിന്റെ ആദ്യ പൊതുപ്രവേശനമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്..

Content Highlights: Mojtaba Khamenei expected to attend Ali Khamenei's memorial on July 23, 2026., Potential first public appearance of the new Supreme Leader since taking office., Tensions rise as Mojtaba vows retaliation for the US-Israel joint attack., US President Donald Trump warns of severe consequences regarding retaliation threats., Regional instability persists following the collapse of the June 17 ceasefire.