ഞാൻ താങ്കളെ വന്നു കാണട്ടെ എന്ന് പ്രധാനമന്ത്രി മോദി ചോദിച്ചു, എന്നെ സർ എന്നു വിളിച്ചു-ട്രംപ്

വാഷിങ്ടൺ: ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളും വ്യാപാരപ്രശ്നങ്ങളും പങ്കുവെക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സമീപിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ കാലതാമസത്തെക്കുറിച്ച് 'സർ' എന്ന് വിളിച്ച് മോദി തന്നോട് സംസാരിച്ചതായും ട്രംപ് പറഞ്ഞു.
"ഇന്ത്യ അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഓഡർ ചെയ്‌തു, അഞ്ചുവർഷമായിട്ടും അത് ലഭിച്ചില്ല. പ്രധാനമന്ത്രി മോദി എന്നെ കാണാൻ വന്നു. സർ, ഞാൻ താങ്കളെ വന്നു കാണട്ടെ? അദ്ദേഹം ചോദിച്ചു", ട്രംപ് പറഞ്ഞു. മോദിയുമായി തനിക്ക് ശക്തമായ ബന്ധമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. തീരുവകളെച്ചൊല്ലി പ്രധാനമന്ത്രി മോദി തന്നോട് അതൃപ്തിയിലാണെന്നും ട്രംപ് അവകാശപ്പെട്ടു. ഹൗസ് ജിഒപി മെമ്പർ റിട്രീറ്റിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
"അദ്ദേഹം ഇപ്പോൾ എന്നോട് അത്ര പ്രീതിയിലല്ല, കാരണം, നിങ്ങൾക്കറിയാമല്ലോ, അവർ ഇപ്പോൾ അധികതീരുവ നൽകുന്നു-" ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ ഗണ്യമായി കുറച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് സമ്പദ്‌വ്യവസ്ഥയിൽ തീരുവകളുടെ സ്വാധീനത്തെ കുറിച്ചും ട്രംപ് പറഞ്ഞു. തീരുവകൾ കാരണം തങ്ങൾ ധനികരാകുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പ്രതിരോധ ബന്ധങ്ങളെയും വ്യാപാരത്തെയും കുറിച്ച് സംസാരിക്കവെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ സൈനിക സംഭരണത്തിലെ കാലതാമസത്തെയും പ്രത്യേകിച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകളെയും പരാമർശിച്ചു. ഇന്ത്യ വർഷങ്ങളായി ഹെലികോപ്റ്ററുകൾക്കായി കാത്തിരിക്കുകയാണെന്നും വിഷയം ഇപ്പോൾ പരിഹരിക്കപ്പെടുകയാണെന്നും ട്രംപ് സൂചിപ്പിച്ചു. ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഓഡർ ചെയ്തിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
Content Highlights: President Trump reveals PM Modi personally approached him regarding Apache helicopter delays and trade issues. Learn more about their discussions on defense deals and tariffs.