'ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മകാരിയോസ് -III' മോദിക്ക് സൈപ്രസിന്റെ ആദരം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ ഉയര്‍ന്ന സിവിലിയന്‍ പുരസ്‌കാരമായ 'ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മകാരിയോസ് -III' സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്‌റ്റൊഡൊലിഡസ് സമ്മാനിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ ഉയര്‍ന്ന സിവിലിയന്‍ പുരസ്‌കാരമായ 'ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മകാരിയോസ് -III' സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്‌റ്റൊഡൊലിഡസ് സമ്മാനിക്കുന്നു

നികോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മോദി സൈപ്രസിലെത്തിയിരുന്നു. ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മകാരിയോസ് -III എന്ന സൈപ്രസിന്റെ ഉയര്‍ന്ന സിവിലിയന്‍ പുരസ്‌കാരമാണ് മോദിക്ക് സമ്മാനിച്ചത്. ഇന്ത്യ- സൈപ്രസ് ബന്ധം വളര്‍ത്തുന്നതില്‍ നല്‍കിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 

ഇത് തനിക്കുള്ള പുരസ്‌കാരം മാത്രമല്ലെന്നും 140 കോടി ഇന്ത്യക്കാര്‍ക്കുള്ള ആദരവുകൂടിയാണെന്നും മോദി പ്രതികരിച്ചു. ഇത് ഇന്ത്യക്കാരുടെ ശക്തിക്കും അഭിലാഷങ്ങള്‍ക്കും ഉള്ള ഒരു ആദരവാണ്. ഇന്ത്യയുടെ സംസ്‌കാരം, മൂല്യങ്ങള്‍, 'ലോകം ഒരു കുടുംബമാണ്' എന്ന വസുധൈവ കുടുംബകം എന്ന ദര്‍ശനം എന്നിവയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ബഹുമതി എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി 'അങ്ങേയറ്റത്തെ വിനയത്തോടും നന്ദിയോടും കൂടിയാണ്' താന്‍ സ്വീകരിക്കുന്നതെന്നും ഇരുരാജ്യങ്ങളുടെയും സമാധാനം, സുരക്ഷ, പരമാധികാരം, അഖണ്ഡത, അഭിവൃദ്ധി എന്നിവയോടുള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

സൈപ്രസിന്റെ ആദ്യ പ്രസിഡന്റായിരുന്ന ആര്‍ച്ച് ബിഷപ്പ് മകാരിയോസ് മൂന്നാമന്റെ പേരിലുള്ള പുരസ്‌കാരമാണ് മോദിക്ക് നല്‍കിയത്. 1991 മുതലാണ് ഈ പുരസ്‌കാരം നൽകിത്തുടങ്ങിയത്‌. സൈപ്രസിനോ അന്താരാഷ്ട്ര സമൂഹത്തിനോ നല്‍കിയ അസാധാരണമായ സേവനത്തെയും സംഭാവനകളെയും അംഗീകരിക്കുന്നതിന് വേണ്ടിയാണ് പുരസ്‌കാരം സമർപ്പിക്കുന്നത്‌. 

മകാരിയോസ് മൂന്നാമന്റെ പേരിലുള്ള പുരസ്‌കാരത്തിന് വിവിധ റാങ്കുകളുണ്ട്. ഇതില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പുരസ്‌കാരമാണ് ഗ്രാന്‍ഡ് ക്രോസ്. ഏറ്റവും മുകളില്‍ ഗ്രാന്ഡ് കോളര്‍ എന്ന പുരസ്‌കാരമാണ്. ഗ്രാന്‍ഡ് കമാന്‍ഡര്‍, കമാന്‍ഡര്‍, ഓഫീസര്‍, നൈറ്റ് എന്നിവയാണ് ഉള്ളത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് മുമ്പ് ഗ്രാന്‍ഡ് കോളര്‍ പുരസ്‌കാരം സൈപ്രസ് സമ്മാനിച്ചിരുന്നു. 

ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതുള്‍പ്പെടെയുള്ള ത്രിരാഷ്ട്ര സന്ദര്‍ശനമാണ് മോദിയുടേത്. ഇതില്‍ ആദ്യത്തെ സന്ദര്‍ശനം സൈപ്രസിലേക്കായിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ സൈപ്രസിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രാജ്യത്തെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പ്രോട്ടോകോള്‍ മറികടന്ന് സൈപ്രസ് പ്രസിഡന്റ് നേരിട്ടെത്തിയതും വാര്‍ത്തയായിരുന്നു.  

വ്യാപാരം, സുരക്ഷ, സാങ്കേതിക വിദ്യ തുടങ്ങിയവയിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തി. സൈപ്രസിലെ വിവിധ കമ്പനികളുടെ സിഇഒമാരുമായി മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ നിക്ഷേപസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മോദി സൈപ്രസിലെ കമ്പനികളോട് ആഹ്വാനം ചെയ്തു. സൈപ്രസ് സന്ദര്‍ശനത്തിന് ശേഷം മോദി ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കാനഡയിലേക്ക് പോകും. തിരിച്ച് ഇന്ത്യയിലേക്ക് എത്തുന്നതിന് മുമ്പ് മോദി ക്രൊയേഷ്യയും സന്ദര്‍ശിക്കും. നയതന്ത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് ഈ രാഷ്ട്രങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍.

Content Highlights: Prime Minister Modi Awarded Cyprus' Highest Civilian Honour: Strengthening Indo-Cypriot Ties