പ്രതിഷേധങ്ങള്‍ക്കിടെ മുന്‍ ഫുട്‌ബോള്‍ താരം ജോര്‍ജയയില്‍ പ്രസിഡന്റാകും

മിഖെയില്‍ കവെലാഷ്‌വിലി | ഫോട്ടോ: എ.പി
മിഖെയില്‍ കവെലാഷ്‌വിലി | ഫോട്ടോ: എ.പി

റ്റബിലീസി:  ജോര്‍ജിയില്‍ മുന്‍ ഫുട്‌ബോള്‍ താരം പ്രസിഡന്റാകും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായിരുന്ന മിഖെയില്‍ കവെലാഷ്‌വിലിയാണ് ജോര്‍ജിയുടെ അടുത്ത പ്രസിഡന്റാകുക. നിലവിലെ ഭരണകക്ഷിയായ ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടിക്കാണ് പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള ഇലക്ടറല്‍ കോളേജില്‍ മുന്‍തൂക്കം. അതിനാല്‍ കവെലാഷ്‌വിലി പ്രസിഡന്റാകുമെന്നത് ഏറക്കുറെ ഉറപ്പാണ്. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നത് വൈകിപ്പിക്കുന്നുവെന്നാരോപിച്ച് ജോര്‍ജിയയില്‍ പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ് പുതിയ പ്രസിഡന്റ് സ്ഥാനാരോഹിതനാകുന്നത്. ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടിയുടെ മുന്‍ എംപിയായ മിഖേല്‍ കവെലാഷ്‌വിലി  2016-ലാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്.

ഒക്ടോബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് ബഹിഷ്‌കരിച്ചിരിക്കുകയാണ്.  ഒക്ടോബര്‍ 26-ന് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജ്ജിയന്‍ ഡ്രീം പാര്‍ട്ടിയുടെ വിജയം വന്‍ വിവാദമായിരുന്നു. പലരും  ജോര്‍ജ്ജിയന്‍ ഡ്രീം പാര്‍ട്ടിയുടെ വിജയത്തെ അംഗീകരിക്കുന്നില്ല. റഷ്യയെ പിന്തുണയ്ക്കുന്ന നിലപാടാണ് ജോര്‍ജ്ജിയന്‍ ഡ്രീം പാര്‍ട്ടിക്കുള്ളത്. എന്നാല്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്കുള്‍പ്പെടെ എത്രയും പെട്ടെന്ന് യൂറോപ്യന്‍ യൂണിയനില്‍ അംഗമാകണമെന്ന ആവശ്യമാണുള്ളത്. നിലവിലെ പ്രതിഷേധം യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് ശക്തിപ്രാപിച്ചത്. ഡ്രീം പാര്‍ട്ടിയുടെ വിജയത്തിന് പിന്നാലെയായിരുന്നു തീരുമാനം.

53കാരനായ മിഖേല്‍ കവെലാഷ്‌വിലി 1995-96 കാലഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കറായിരുന്നു.  ഇതിന് പുറമെ നിരവധി സ്വിസ് ക്ലബ്ബുകള്‍ക്ക് വേണ്ടിയും മിഖേല്‍ കവെലാഷ്‌വിലി കളിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചതിന് ശേഷമാണ് മിഖേല്‍ കവെലാഷ്‌വിലി രാഷ്ട്രീയത്തിലിറങ്ങിയത്.  2016-ല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടിയുടെ മുഖമായി വളര്‍ന്നു. റഷ്യാ അനുകൂല ചിന്തകള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്നുവെന്ന് മിഖേല്‍ കവെലാഷ്‌വിലിക്കെതിരെ പലപ്പോഴും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2022ല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പീപ്പിള്‍സ് പവര്‍ എന്നൊരു പുതിയ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും മിഖേല്‍ കവെലാഷ്‌വിലിയെ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ ഡ്രീം പാര്‍ട്ടി മടിച്ചില്ല.

Content Highlights: Mikheil Kavelashvili Ex-Manchester City Player Georgia President