സന്ദര്‍ശകപ്രവാഹം,സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍,കോവിഡ്; മിയാമി ബീച്ചില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

മിയാമിയിലെ സന്ദര്‍ശകരുടെ തിരക്ക്  |  Photo : NDTV
മിയാമിയിലെ സന്ദര്‍ശകരുടെ തിരക്ക് | Photo : NDTV

വാഷിങ്ടണ്‍: ഫ്‌ളാറിഡയിലെ മിയാമി ബീച്ചില്‍ സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ അടിയന്തരാവസ്ഥയും കർഫ്യുവും പ്രഖ്യാപിച്ചു. വസന്തകാലമാരംഭിച്ചതോടെ കടല്‍തീരത്തെത്തുന്ന സന്ദര്‍ശകരുടെ ഒഴുക്ക് അനിയന്ത്രിതമായതും അക്രമവും സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്നതുമായ സാഹചര്യം കണക്കിലെടുത്താണ് ശനിയാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. 

തുടര്‍ച്ചയായി രണ്ടാം വർഷമാണ് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ മിയാമിയില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത്. കഴിഞ്ഞ കൊല്ലം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബീച്ചിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു. രാത്രി സഞ്ചാരികള്‍ ധാരാളമായെത്തുന്ന മിയാമിയില്‍ എട്ട് മണിയോടെ ഭക്ഷണശാലകള്‍ അടയ്ക്കണമെന്നും സന്ദര്‍ശകര്‍ മടങ്ങിപ്പോകണമെന്നും അധികൃതര്‍ അറിയിച്ചു. 

ബീച്ചിലെ മദ്യപാനവും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും പതിവായതും പോലീസിന് നിയന്ത്രിക്കാനാവാത്ത സാഹചര്യമാണ് നിലവിലെന്നും അധികൃതര്‍ വ്യക്തമാക്കി.  ബീച്ചിലെ ദ്വീപില്‍ നിന്നും മിയാമിയിലേക്കുള്ള മൂന്ന് പാലങ്ങള്‍ രാത്രി പത്ത് മുതല്‍ രാവിലെ ആറ് മണി വരെ അടച്ചിടും. താമസക്കാര്‍ക്കും ജീവനക്കാര്‍ക്കും ഹോട്ടലുകളിലെ അതിഥികള്‍ക്കും മാത്രമായി പാലങ്ങളിലൂടെയുള്ള യാത്ര നിയന്ത്രിച്ചിട്ടുണ്ട്. 

കര്‍ഫ്യൂ ഏര്‍പ്പെടുത്തി രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ബീച്ച് പരിസരം ഏറെക്കുറെ ശൂന്യമായി. പൊതുജനസുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് ആക്ടിങ് സിറ്റി മാനേജര്‍ റൗള്‍ അഗില പറഞ്ഞു. വാക്‌സിന്‍ നല്‍കിത്തുടങ്ങിയതോടെ കോവിഡ് നിയന്ത്രണവിധേയമായതായി ജനങ്ങള്‍ കരുതുന്നതായും എന്നാല്‍ കോവിഡ് വ്യാപന ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തിങ്ങിക്കൂടുന്നത് തടയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: