ഫോട്ടോ എടുക്കാൻ മെലോണി കെഞ്ചി എന്ന് ട്രംപ്; കെട്ടിച്ചമച്ചതെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി

റോം: ജി-7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തന്നോട് ഫോട്ടോ എടുക്കാൻ യാചിച്ചു എന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിനെതിരെ മെലോണി. ട്രംപിന്റെ വാക്കുകൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും ഇതിൽ താൻ അമ്പരന്നുപോയെന്നും അവർ വ്യക്തമാക്കി. തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന ഇരുവരും സഖ്യകക്ഷികളായിരുന്നു. എന്നാൽ ഈ പരസ്യമായ തർക്കത്തോടെ ഇരുവരും തമ്മിലുള്ള അകൽച കൂടിയിരിക്കുകയാണ്. ഉച്ചകോടിക്കിടെ ഇരുവരും തമ്മിലുള്ള ശീതയുദ്ധം അവസാനിച്ചതായി നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും പുതിയ സംഭവം കാര്യങ്ങൾ തകിടം മറിച്ചു.
ഈ തർക്കം കേവലം വാക്കുകളിൽ ഒതുങ്ങിനിൽക്കാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചിട്ടുണ്ട്. ട്രംപിന്റെ പരാമർശം ഇറ്റലിയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി തന്റെ നിശ്ചയിച്ചിരുന്ന അമേരിക്കൻ സന്ദർശനം റദ്ദാക്കി. ജൂൺ 21, 22 തീയതികളിൽ നടക്കേണ്ടിയിരുന്ന സന്ദർശനമാണ് മാറ്റിവെച്ചത്. ട്രംപിന്റെ ഗുരുതരവും പ്രകോപനപരവുമായ വാക്കുകൾ ഇറ്റാലിയൻ ജനതയെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് തജാനി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
ഇറ്റാലിയൻ ടെലിവിഷൻ ചാനലായ 'La7'-ന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് വിവാദ പരാമർശങ്ങൾ നടത്തിയത്. ഫ്രാൻസിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ മെലോണി തന്റെ കൂടെ ഒരു ഫോട്ടോ എടുക്കാൻ അതീവ താല്പര്യം കാണിച്ചുവെന്നും മെലോണിയോട് പാവം തോന്നിയതുകൊണ്ടാണ് താൻ അതിന് സമ്മതിച്ചതെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. ഉച്ചകോടിക്കിടെ ഇരുവരും ഗൗരവകരമായ സംഭാഷണത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നെങ്കിലും, അതൊരു ഉപകാരം എന്ന നിലയിലാണ് താൻ ചെയ്തതെന്നായിരുന്നു ട്രംപിന്റെ വാദം.
ട്രംപിന്റെ ഈ വ്യാഖ്യാനത്തെ മെലോണി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. അമേരിക്കയുടെ ശത്രുക്കളായ ഭരണാധികാരികളോട് അമിതമായ ഔദാര്യം കാണിക്കുന്ന ട്രംപ് സ്വന്തം സഖ്യകക്ഷികളോട് ഇത്തരത്തിൽ പെരുമാറുന്നത് നിരാശാജനകമാണെന്ന് അവർ പറഞ്ഞു. "ഞാനോ ഇറ്റലിയോ ഒരിക്കലും യാചിക്കാറില്ല" എന്ന കടുത്ത മറുപടിയാണ് അവർ ട്രംപിന് നൽകിയത്. സഖ്യകക്ഷികളോട് ട്രംപ് ഇതാദ്യമായല്ല ഇത്തരത്തിൽ പെരുമാറുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഒരിക്കൽ യൂറോപ്പിലെ ട്രംപിന്റെ ഏറ്റവും വലിയ പിന്തുണക്കാരിയായിരുന്നു മെലോണി. 2025-ൽ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ഏക യൂറോപ്യൻ നേതാവും അവരായിരുന്നു. എന്നാൽ ഇറാൻ സംഘർഷത്തെ അപലപിച്ച ലിയോ മാർപ്പാപ്പയെ ട്രംപ് വിമർശിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു. മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ് ആക്ഷേപിച്ചതും ഈ വിടവ് വർദ്ധിപ്പിച്ചു.
Content Highlights: Italian PM Giorgia Meloni slams Donald Trump for claiming she begged for a photo at the G7 summit.