'ട്രംപ് ആദ്യം മെലാനിയയേയും മാതാപിതാക്കളേയും നാടുകടത്തട്ടെ', ചര്‍ച്ചയായി പൊതുസംഘടനയുടെ ഹര്‍ജി

വാഷിങ്ടണ്‍: യു.എസില്‍ നിന്ന് കുടിയേറ്റക്കാരെ ഒഴിപ്പിക്കാനും അമേരിക്കക്കയില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് മാത്രമായി പൗരത്വം അനുവദിക്കുന്നതിനുമുള്ള നിയമങ്ങള്‍ അടിയന്തരമായി നടപ്പാക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീവ്രയത്‌നങ്ങള്‍ക്കിടെ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന് ഒരു പൊതുസംഘടനയുടെ ഹര്‍ജി. യുഎസിന്റെ പ്രഥമവനിത (FLOTUS) യായ മെലാനിയ ട്രംപ്, മെലാനിയയുടെ മാതാപിതാക്കള്‍, മെലാനിയയുടെ പുത്രന്‍ ബാരോണ്‍ ട്രംപ് എന്നിവരെ നാടുകടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് കടുത്ത നിലപാട് സ്വീകരിക്കുമ്പോള്‍ പ്രഥമവനിതയും അവരുടെ മാതാപിതാക്കളും അത്തരത്തിലുള്ള സൗജന്യങ്ങള്‍ അനുഭവിക്കുന്നതിനെതിരെയുള്ള പ്രതിഷേധമായാണ് മൂവ് ഓണ്‍ എന്ന സംഘടനയുടെ ഹര്‍ജി വിലയിരുത്തപ്പെടുന്നത്.
ശാസ്ത്രം, കല, ബിസിനസ് തുടങ്ങിയ മേഖലകളില്‍ മികവ് പ്രകടിപ്പിക്കുന്ന വ്യക്തികള്‍ക്കുമാത്രം നല്‍കി വരുന്ന ഐന്‍സ്റ്റീന്‍ വിസ എന്ന പേരിലറിയപ്പെടുന്ന ഇബി-1 വിസ മെലാനിയ ട്രംപ് ഉപയോഗപ്പെടുത്തുന്നതും ചര്‍ച്ചയായിട്ടുണ്ട്. ട്രംപ് ആദ്യം സ്വന്തം ഭാര്യയുടെ കാര്യത്തില്‍ നടപടിയെടുക്കണമെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. സ്ലൊവേനിയയില്‍ (മുന്‍പ് യൂഗോസ്ലേവ്യ) ജനിച്ച മെലാനിയ 2006ലാണ് യുഎസ് പൗരത്വം നേടിയത്. യു.എസിലേക്ക് കുടിയേറി പൗരത്വം നേടിയ ആദ്യത്തെ യുഎസ് പ്രഥമവനിതയാണ് മെലാനിയയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാതാപിതാക്കളുടെ ഗ്രീന്‍ കാര്‍ഡിനുവേണ്ടി മെലാനിയയാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
അഞ്ച് മാസം മുന്‍പാണ് ഹര്‍ജി നല്‍കിയിരിക്കുന്നതെങ്കിലും ഇപ്പോഴാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ഹര്‍ജിയില്‍ ആറായിരത്തിലധികം പേര്‍ ഒപ്പിട്ടുകഴിഞ്ഞു. കുടിയേറി, രാജ്യത്തെ നിയമാനുസൃതമായ രീതിയിലൂടെ പൗരത്വം നേടിയവരെ പോലും യുഎസില്‍ നിന്ന് പുറത്താക്കണമെന്ന് ട്രംപ് കരുതുന്നെങ്കില്‍ ആദ്യം മെലാനിയയേയും മാതാപിതാക്കളേയും നാടുകടത്തട്ടെയെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇത്തരം വിഷയങ്ങളില്‍ പ്രസിഡന്റ് നിഷ്പക്ഷത പാലിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ദേശീയ സുരക്ഷയാണ് ലക്ഷ്യമിടുന്നതെങ്കില്‍ മെലാനിയയേയും നാടുകടത്തണം, ഹര്‍ജി ആവശ്യപ്പെടുന്നു.
Content Highlights: A petition calls for the deportation of Melania Trump and her parents