പാപ്പയെ തിരഞ്ഞെടുക്കല്‍; കോൺക്ലേവ് ആരംഭിച്ചാൽ പുറംലോകവുമായി ബന്ധമുണ്ടാകില്ല,ഇന്ത്യയിൽനിന്ന് 4 പേർ

വത്തിക്കാനില്‍നിന്നുള്ള ദൃശ്യം |ഫോട്ടോ:AFP
വത്തിക്കാനില്‍നിന്നുള്ള ദൃശ്യം |ഫോട്ടോ:AFP

വത്തിക്കാൻ സിറ്റി: കത്തോലിക്കാസഭയുടെ 267-ാമത്തെ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് (രഹസ്യയോഗം) മേയ് ഏഴിന് വത്തിക്കാനിൽ ആരംഭിക്കും. അന്ന് ഉച്ചയ്ക്കുശേഷമാണ് ആദ്യ ബാലറ്റ്. തിങ്കളാഴ്ച വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ യോഗമാണ് ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള പാപ്പൽ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചത്.

വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിലാണ് കോൺക്ലേവ്. തയ്യാറെടുപ്പുകൾക്കായി താത്കാലികമായി അടച്ച ചാപ്പൽ കോൺക്ലേവിനുശേഷമേ വിശ്വാസികൾക്കായി തുറക്കൂ.

കോൺക്ലേവ് ആരംഭിക്കുന്നതുവരെയുള്ള ദിവസങ്ങളിൽ കർദിനാൾമാർക്ക് പരസ്പരം മനസ്സിലാക്കാനും അടുത്തിടപഴകാനും അവസരം ലഭിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യവിശ്രമസ്ഥലമായ സാന്താ മരിയ മജോരേ ബസിലിക്കയിലെത്തി കർദിനാൾമാർ ഞായറാഴ്ച വൈകീട്ട് പ്രാർഥന നടത്തി. ഫ്രാൻസിസ് പാപ്പയെപ്പോലെ അശരണർക്കുവേണ്ടിയും യുദ്ധത്തിനെതിരേയും നിലകൊള്ളണമെന്ന നിലപാടുള്ളവരാണ് പാപ്പൽസ്ഥാനാർഥികളാകാൻ സാധ്യതയുള്ള മിക്ക കർദിനാൾമാരും. എന്നാൽ, യാഥാസ്ഥിതികവാദികളായ കർദിനാൾമാർ, മുൻ മാർപാപ്പമാരായ സെയ്ന്റ് ജോൺ പോൾ രണ്ടാമനെയും ബെനഡിക്ട് പതിനാറാമനെയുംപോലെ സഭയുടെ ഐക്യത്തിലും ഏകീകരണത്തിലും ശ്രദ്ധചെലുത്തണമെന്ന് വാദിക്കുന്നു. ആരോഗ്യപ്രശ്നം നേരിടുന്നതിനാൽ കോൺക്ലേവിനെത്തില്ലെന്ന് സ്പാനിഷ് കർദിനാൾ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കർദിനാൾ ആംഗെലോ ബെസിയെ പങ്കെടുപ്പിക്കുമോയെന്നതിലും സ്ഥിരീകരണമില്ല.

ഇന്ത്യയിൽനിന്ന് കർദിനാൾമാരായ ഫിലിപ്പ് നേരി ഫെറാവോ, ബസേലിയോസ് ക്ലിമീൻസ്, ആൻറണി പൂല, ജോർജ് ജേക്കബ് കൂവക്കാട് എന്നിവർ പങ്കെടുക്കും.

പാപ്പൽ കോൺക്ലേവ്

ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള 80 വയസ്സ്‌ തികയാത്ത കർദിനാൾമാർക്കാണ് കോൺക്ലേവിൽ പങ്കെടുക്കാൻ യോഗ്യത. ഇത്തവണ അങ്ങനെ 135 പേരുണ്ട്. അതിൽ 108 പേരെയും നിയമിച്ചത് ഫ്രാൻസിസ് പാപ്പയാണ്. 20 പേർ, കഴിഞ്ഞ ഡിസംബറിലാണ് നിയമിതരായത്. കോൺക്ലേവ് ആരംഭിച്ചാൽ കർദിനാൾമാർക്ക് പുറംലോകവുമായി ബന്ധമുണ്ടാകില്ല. ഫോണടക്കമുള്ള വാർത്താവിനിമയോപാധികളും ഉപയോഗിക്കാനാകില്ല. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാപ്പാസ്ഥാനാർഥികളിൽ ഒരാൾ തിരഞ്ഞെടുക്കപ്പെടുംവരെ വോട്ടെടുപ്പ് തുടരും. ഓരോതവണയും വോട്ട്‌ രേഖപ്പെടുത്തുന്ന ബാലറ്റ് പേപ്പറുകൾ കത്തിച്ചുകളയണമെന്നാണ് ചട്ടം. സിസ്റ്റൈൻ ചാപ്പലിന്റെ പുകക്കുഴലിലൂടെ വരുന്ന ബാലറ്റ് പേപ്പർ കത്തിയ പുകയുടെ നിറംനോക്കിയാണ് പാപ്പയെ തിരഞ്ഞെടുത്തോ ഇല്ലയോ എന്നത് മനസ്സിലാവുക. വെളുത്ത നിറമാണെങ്കിൽ പാപ്പ തിരഞ്ഞെടുക്കപ്പെട്ടെന്നും കറുത്തതെങ്കിൽ അല്ലെന്നുമാണർഥം.

പാപ്പയെ തിരഞ്ഞെടുത്താൽ, പദവി സ്വീകരിക്കുന്നോ എന്ന് അദ്ദേഹത്തോട് ഔദ്യോഗികമായി ചോദിക്കും. സമ്മതംമൂളിയാൽ പുതിയ പാപ്പയ്ക്ക് തന്റെ ഔദ്യോഗികനാമം സ്വയം തിരഞ്ഞെടുക്കാം. മിക്കവാറും പുണ്യവാളന്മാരുടെ പേരുകളാകും. പേര്‌ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ഉന്നത കർദിനാൾ ഡീക്കൽ, സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിലെത്തി ‘ഹബേമുസ് പാപ്പം’ (നമുക്ക് പാപ്പയെ കിട്ടി) എന്ന് ലത്തീനിൽ വിളിച്ചുപറയും.

സാധ്യതാപട്ടികയിൽ

1. ഴാങ് മാർ ആവെലീൻ (66), മാഴ്‌സെ ആർച്ച് ബിഷപ്പ്, ഫ്രാൻസ്

2. കർദിനാൾ പീറ്റർ എർദോ (72), ഹംഗറി

3. കർദിനാൾ മാരിയോ ഗ്രെച്ച് (68), ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറൽ, മാൾട്ട

4. കർദിനാൾ ഹുവാൻ ഹൊസെ ഒമെല (79), ബാഴ്‌സലോണ ആർച്ച് ബിഷപ്പ്, സ്പെയിൻ

5. കർദിനാൾ പെയ്‌ത്രോ പരോലീൻ (70), വത്തിക്കാൻ നയതന്ത്രജ്ഞൻ, ഇറ്റലി

6. കർദിനാൾ ലൂയി അന്റോണിയോ ഗോകിം ടാഗ്ലെ (67), ഫിലിപ്പീൻസ്

7. കർദിനാൾ ജോസഫ് ടോബിൻ (72), നെവാർക്ക് ആർച്ച് ബിഷപ്പ്, യുഎസ്

8. കർദിനാൾ പീറ്റർ കോഡ്വോ അപീയ ടെർക്‌സാൻ (76), വത്തിക്കാൻ ഉദ്യോഗസ്ഥൻ, ഘാന

9. മത്തേയോ മരിയ സുപ്പി (69), ബൊളോഞ്ഞ ബിഷപ്പ്, ഇറ്റലി

Content Highlights: May 7 papal conclave date finalized as cardinals prepare for election