‘അമേരിക്കക്കാരുടെ ജീവൻ വെച്ചുള്ള കളിയാണ്’; ട്രംപിനെതിരേ മംദാനിയും കമലാ ഹാരിസും

വാഷിങ്ടൺ: ഇറാനെതിരേ യുഎസ്സും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തെ അപലപിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. അമേരിക്കക്കാർ ഇത് ആഗ്രഹിക്കുന്നില്ലെന്നും അവർക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ആശ്വാസമാണ് വേണ്ടതെന്നും മംദാനി പ്രതികരിച്ചു. ഡൊണാൾഡ് ട്രംപ് അമേരിക്കൻ ജനത ആഗ്രഹിക്കാത്ത ഒരു യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കുകയാണെന്ന് മുൻ യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും പറഞ്ഞു. ഇറാനിൽ നടക്കുന്ന യുദ്ധത്തെ ഞാൻ എതിർക്കുന്നു. ട്രംപിന്റെ ഇഷ്ടപ്രകാരമുള്ള യുദ്ധത്തിനായി നമ്മുടെ സൈനികരെ അപകടത്തിലേക്ക് തള്ളിയിടുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
നഗരങ്ങളിൽ ബോംബെറിയുന്നു. സാധാരണക്കാരെ കൊല്ലുന്നു. ഒരു പുതിയ യുദ്ധക്കളം തുറക്കുന്നു. അമേരിക്കക്കാർ ഇത് ആഗ്രഹിക്കുന്നില്ലെന്ന് മംദാനി എക്സിൽ കുറിച്ചു. ഭരണമാറ്റത്തിനായി മറ്റൊരു യുദ്ധം അവർ ആഗ്രഹിക്കുന്നില്ല. അവർക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ആശ്വാസം വേണം. അവർക്ക് സമാധാനം വേണം. - അദ്ദേഹം പ്രതികരിച്ചു.
എല്ലാ ന്യൂയോർക്കുകാരെയും സുരക്ഷിതരാക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞങ്ങളുടെ പോലീസ് കമ്മീഷണറുമായും അടിയന്തര ദുരന്ത നിവാരണ ഉദ്യോഗസ്ഥരുമായും ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി ഏജൻസികൾക്കിടയിൽ ഏകോപനം വർദ്ധിപ്പിക്കുന്നതും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പട്രോളിങ് ശക്തമാക്കുന്നതും ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ ഞങ്ങൾ സ്വീകരിക്കുന്നു.
കൂടാതെ ന്യൂയോർക്കിലെ ഇറാൻ സ്വദേശികളോട് നേരിട്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഈ നഗരത്തിന്റെ ഭാഗമാണ്. നിങ്ങൾ ഞങ്ങളുടെ അയൽക്കാരാണ്, ചെറുകിട ബിസിനസ് ഉടമകളാണ്, വിദ്യാർത്ഥികളാണ്, കലാകാരന്മാരാണ്, തൊഴിലാളികളാണ്, സാമൂഹിക നേതാക്കളാണ്. നിങ്ങൾ ഇവിടെ സുരക്ഷിതരായിരിക്കും. - മംദാനി കുറിച്ചു.
ഇത് അപകടകരമായതും അനാവശ്യമായതുമായ ചുവടുവെപ്പാണെന്ന് കമലാ ഹാരിസ് പ്രതികരിച്ചു. അമേരിക്കക്കാരുടെ ജീവൻ വെച്ചുള്ള കളിയാണ്. ഇത് മേഖലയിലെ സ്ഥിരതയെയും ലോകത്തിലെ നമ്മുടെ നിലയെയും അപകടത്തിലാക്കുന്നു. നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ശക്തിപ്രകടനമല്ല. ധൈര്യമുള്ളതുപോലെ വേഷം കെട്ടി കൊണ്ടുള്ള അശ്രദ്ധയാണ്. ഇറാൻ ഉയർത്തുന്ന ഭീഷണിയെ ഇല്ലാതാക്കാൻ ഇത് ശരിയായ രീതിയല്ലെന്നും കമലാ ഹാരിസ് പറഞ്ഞു.
Content Highlights: mamdani about us attack on iran