മാലിയിൽ ഭീകരാക്രമണ പരമ്പര; വെടിവെപ്പും സ്‌ഫോടനങ്ങളും

#ന്യൂസ് ഡെസ്ക്
Video Grab Image
Video Grab Image

ബമാകോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഭീകരാക്രമണ പരമ്പര. മാലി തലസ്ഥാനമായ ബമാകോയിലും മധ്യ-ഉത്തര മേഖലകളിലെ സേവാരെ, കിഡാൽ, ഗാവ തുടങ്ങിയ നഗരങ്ങളിലുമാണ് ആക്രമണങ്ങൾ നടന്നത്. പ്രദേശിക സമയം ശനിയാഴ്ച രാവിലെയാണ് ആറുമണിയോടെയാണ് ആക്രമണം. ബമാകോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സൈനിക ക്യാമ്പിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും വെടിവെപ്പും സ്‌ഫോടനങ്ങളും ഉണ്ടായതായി മാലി സായുധ സേന സ്ഥിരീകരിച്ചു. അജ്ഞാതരായ ഭീകരവാദ ഗ്രൂപ്പുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം ആക്രമണം നടത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പോരാട്ടം തുടരുകയാണെന്നും ജനങ്ങൾ ശാന്തരായിരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

പ്രാദേശിക സമയം പുലർച്ചെ 6 മണിയോടെ ബമാകോയ്ക്ക് പുറത്തുള്ള പ്രധാന സൈനിക കേന്ദ്രമായ കാതി ബേസിന് (Kati military base) സമീപം രണ്ട് ശക്തമായ സ്‌ഫോടനങ്ങൾ കേട്ടതായും പിന്നാലെ വെടിവെപ്പ് നടന്നതായും പ്രദേശവാസികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. റഷ്യൻ കൂലിപ്പടയാളികൾ തമ്പടിച്ചിരിക്കുന്ന വിമാനത്താവളത്തിന് സമീപമുള്ള സൈനിക ക്യാമ്പിന് നേരെയാണ് പ്രധാനമായും ആക്രമണം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ആക്രമണത്തെത്തുടർന്ന് സുരക്ഷാ സേന പ്രദേശത്തെ റോഡുകൾ തടയുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. തലസ്ഥാനത്തിന് പുറമെ മധ്യ-ഉത്തര മേഖലകളിലെ സേവാരെ, കിഡാൽ, ഗാവ തുടങ്ങിയ നഗരങ്ങളിലും സമാനമായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, അൽ-ഖ്വയ്ദയുടെ പ്രാദേശിക വിഭാഗമായ ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വൽ-മുസ്ലിമിൻ (JNIM) ആണ് ഇതിന് പിന്നിലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സംശയിക്കുന്നു. 2020-ലെയും 2021-ലെയും സൈനിക അട്ടിമറികൾക്ക് ശേഷം അസിമി ഗോയിറ്റയുടെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടമാണ് മാലിയിലുള്ളത്. രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണികൾ നേരിടാൻ മാലി സർക്കാർ പ്രധാനമായും റഷ്യൻ സൈനിക സഹായത്തെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.

Content Highlights: Simultaneous terrorist attacks across Bamako, Sevare, Kidal, and Gao., Targeting of key military infrastructure including Kati base and airport areas., JNIM suspected to be behind the coordinated assault., Mali government relies on Russian military assistance amidst ongoing instability.