'ഇന്ത്യ ഔട്ട് ക്യാംപയിന്‍' പാളി, അകല്‍ച്ച ഇല്ലാതാക്കാന്‍ മുയിസു എത്തി, മോദിയുമായി ചര്‍ച്ച

ന്യൂഡല്‍ഹി: നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി. ഭാര്യ സാജിദ മുഹമ്മദിനൊപ്പം ഞായറാഴ്ച വൈകുന്നേരം 4.30-ഓടെയാണ് മുയിസു ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ പറന്നിറങ്ങിയത്. ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും.
നേരത്തേ നല്ല ബന്ധം പുലര്‍ത്തിയിരുന്ന മാലദ്വീപ് അടുത്ത കാലത്തായി ഇന്ത്യയുമായി അത്ര സ്വരചേര്‍ച്ചയിലല്ല. 2023-ല്‍ 'ഇന്ത്യ ഔട്ട്' ക്യാംപയിന്‍ നടത്തി അധികാരത്തില്‍ വന്ന നേതാവാണ് മുഹമ്മദ് മുയിസു. ചൈനയോടുള്ള മുയിസുവിന്റെ അതിരുകവിഞ്ഞ ചായ്‌വ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. മാലദ്വീപിലെ ഇന്ത്യന്‍ സായുധസേനയെ പുറത്താക്കണം എന്നുവരെ മുയിസു തെരഞ്ഞെടുപ്പ് കാലത്ത് വാദിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇന്ത്യയുമായി നഷ്ടപ്പെട്ട ബന്ധം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് മാലദ്വീപ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മാലദ്വീപിലും പരിസരത്തുമായി തമ്പടിച്ചിരിക്കുന്ന എല്ലാ സൈന്യങ്ങളെക്കൊണ്ടും ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ഇന്ത്യയടക്കം ഒരു രാജ്യത്തേയും പ്രത്യേകമായി ഉദ്ദേശിച്ചായിരുന്നില്ല തന്റെ നിലപാടെന്നും മുയിസു കഴിഞ്ഞ മാസം യു.എന്നില്‍ പറഞ്ഞിരുന്നു.
Content Highlights: maldives president mohamed muizzu in india 2024