കാനഡയില്‍ 51 അടി ഉയരമുള്ള ശ്രീരാമപ്രതിമ അനാച്ഛാദനം ചെയ്തു,വടക്കെ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയത്

Photo : X / @carolynhparrish
Photo : X / @carolynhparrish

ഒട്ടാവ: കാനഡയിലെ മിസ്സിസ്സാഗയില്‍ ശ്രീരാമന്റെ 51 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. വടക്കെ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. നാലുകൊല്ലം മുന്‍പാണ് പ്രതിമയുടെ നിര്‍മാണം ആരംഭിച്ചത്. ഡല്‍ഹിയില്‍ പ്രതിമയുടെ ഭാഗങ്ങള്‍ നിര്‍മിച്ച് കാനഡയിലെത്തിച്ച ശേഷം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഉറപ്പുള്ള ഉരുക്കുചട്ടക്കൂട് നൂറ്റാണ്ടോളം പ്രതിമയ്ക്ക് കേടുപാട് സംഭവിക്കാതെ സംരക്ഷിക്കാന്‍ പ്രാപ്തമാണ്. കൂടാതെ, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനെ പ്രതിരോധിക്കാനും സാധിക്കും. ടൊറന്റോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് വിമാനത്തിലിരുന്ന് പ്രതിമ കാണാനാകും. 

ഹിന്ദു ഹെറിറ്റേജ് സെന്ററില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയുടെ അനാച്ഛാദന ചടങ്ങ് ഓഗസ്റ്റ് മൂന്നിനാണ് നടന്നത്. മിസ്സിസ്സാഗയിലെ ഹിന്ദുസമൂഹത്തെ സംബന്ധിച്ചൊരു നാഴികക്കല്ലാണിതെന്ന് മിസ്സിസ്സാഗ മേയര്‍ കാരലിന്‍ പാരിഷ് പ്രതിമയുടെ അനാച്ഛാദനത്തെ വിശേഷിപ്പിച്ചു. ശ്രീരാമ പ്രതിമ കാണാനെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ഊഷ്മളസ്വീകരണം ലഭിക്കുമെന്നും മേയര്‍ എക്‌സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വ്യാപാര മന്ത്രി മനീന്ദര്‍ സിദ്ദു, വനിത-ലിഗസമത്വ മന്ത്രി റെച്ചി വാല്‍ഡെസ്, ട്രഷറി ബോര്‍ഡ് പ്രസിഡന്റ് ഷഫ്ഖാത് അലി തുടങ്ങിയവര്‍ ഉള്‍പ്പെടെ കാനഡ രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 

പ്രതിമ സ്ഥാപിച്ചിരിക്കുന്ന ഏഴടി ഉയരമുള്ള പീഠം ഉള്‍പ്പെടാതെയാണ് 51 അടി ഉയരമെന്ന് ഹിന്ദു ഹെറിറ്റേജ് സെന്റര്‍ സ്ഥിരീകരിച്ചു. ഒരു കുട കൂടി പ്രതിമയുടെ മുകളില്‍ സ്ഥാപിക്കുമെന്നാണ് വിവരം. ഹരിയാണയിലെ മാനേസറിലെ മാതുറാം ആര്‍ട്ട് സെന്ററിലെ ശില്‍പിയായ നരേഷ് കുമാര്‍ പ്രതിമ രൂപകല്‍പനയും നിര്‍മാണച്ചുമതലയും നിര്‍വഹിച്ചു. ഇന്തോ-കാനേഡിയന്‍ ബിസിനസ്സുകാരനായ ലാജ് പ്രാഷേറാണ് പ്രതിമ കമ്മിഷന്‍ ചെയ്തത്. ഹിന്ദുസമൂഹത്തിന് ലഭിച്ച ആത്മീയപാരിതോഷികമാണ് ശ്രീരാമ പ്രതിമയെന്നും അഭിമാനമുഹൂര്‍ത്തമാണെന്നും ഹിന്ദു ഹെറിറ്റേജ് സെന്ററിന്റെ സ്ഥാപകനായ ആചാര്യ സുരീന്ദര്‍ ശര്‍മ ശാസ്ത്രി പറഞ്ഞു. 

Content Highlights: North America`s tallest Lord Rama statue, inspired by the Ayodhya Ram Temple