ഗ്രീസ്, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ നാശം വിതച്ച ശേഷം ഡെര്‍ണയില്‍ ആഞ്ഞടിച്ച ഡാനിയേല്‍ ചുഴലിക്കാറ്റാണ് പേമാരിയ്ക്കും മിന്നല്‍പ്രളയത്തിനും കാരണമായത്. ഞായറാഴ്ചയാണ് ഡാനിയേല്‍ മെഡിറ്ററേനിയന്‍ ഭാഗത്തെത്തിയത്.
ആയിരക്കണക്കിനാളുകളെ കാണാതായിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഡെര്‍ണയിലെ അണക്കെട്ടുകള്‍ തകര്‍ന്നതാണ് പ്രളയദുരന്തത്തിന് ഇടയാക്കിയതെന്ന് കിഴക്കന്‍ ലിബിയയുടെ ഭരണം നിയന്ത്രിക്കുന്ന ലിബിയന്‍ നാഷണല്‍ ആര്‍മി(എല്‍എന്‍എ)യുടെ വക്താവ് അഹമദ് മിസ്മറി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സമീപപ്രദേശങ്ങളേയും പ്രദേശവാസികളേയും പ്രളയം കടലിലേക്ക് ഒഴുക്കിയതായി മിസ്മറി കൂട്ടിച്ചേര്‍ത്തു. 5000-6000 പേരെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍എന്‍എയുടെ ഏഴ് അംഗങ്ങള്‍ പ്രളയത്തില്‍പ്പെട്ട് മരിച്ചതായും മിസ്മറി അറിയിച്ചു.
രാഷ്ട്രീയപരമായി ലിബിയയെ രണ്ടായി വിഭജിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന ട്രിപ്പൊളിയിലെ ഭരണകൂടത്തിന് കിഴക്കന്‍ മേഖലയില്‍ നിയന്ത്രണങ്ങള്‍ നിലവിലില്ല. രാഷ്ട്രത്തിന്റെ നേതൃത്വമായി പ്രവര്‍ത്തിക്കുന്ന മൂന്നംഗ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ലോകരാഷ്ട്രങ്ങളോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ദുരന്തത്തില്‍ 2000 ത്തോളം പേര്‍ മരിച്ചതായും നിരവധിപ്പേരെ കാണാതായതായും കിഴക്കന്‍ മേഖലയുടെ ഭരണകൂടത്തലവനായ ഒസാമ ഹമദ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ലിബിയയില്‍ നിന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോദൃശ്യങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ഒലിച്ചുപോയ റോഡുകളും തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങളും ദൃശ്യങ്ങളില്‍ കാണാം. കാറുകള്‍ ആളില്ലാതെയും ആളുകള്‍ മുകളില്‍ കയറിയിരുന്നും ഒഴുകിപോകുന്നത് കാണാം. പത്തടിയോളം ജലനിരപ്പുയര്‍ന്നതായി ജനങ്ങള്‍ പറയുന്നു. പ്രളയം രാത്രിയിലായതിനാലാണ് മരണസംഖ്യ ഇത്രയും കൂടാനിടയാക്കിയതെന്നാണ് നിഗമനം. ഉറക്കത്തിലായിരുന്ന ആളുകള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമുണ്ടായില്ല.
ലിബിയയുടെ കിഴക്കന്‍ മേഖലയില്‍ മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ലിബിയയിലെ നാല് പ്രധാന എണ്ണഖനികള്‍ ശനിയാഴ്ച വൈകിട്ടോടെ അടച്ചു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങളും തുടരുന്നു. സ്‌കൂളുകളും കച്ചവടസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസംഘടന അവശ്യസഹായം നല്‍കുന്നുണ്ട്. ഖത്തറില്‍ നിന്ന് ലിബിയയിലേക്ക് അടിയന്തരസഹായം എത്തിക്കാന്‍ അമീര്‍ ശൈഖ് ഷൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: Libya Floods, More than 1,000 bodies recovered, Storm Daniel