എണ്ണയ്ക്കുവേണ്ടി യുഎസ് എന്തുംചെയ്യും; ഇറാനിലെയും വെനസ്വേലയിലെയും നടപടികൾ അതിനുവേണ്ടിയെന്ന് റഷ്യ

മോസ്‌കോ: അമേരിക്കയുടെ വിദേശനയങ്ങളെയും സൈനിക ഇടപെടലുകളെയും രൂക്ഷമായി വിമർശിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ആഗോള ഊർജ സ്രോതസ്സുകളുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും വെനസ്വേല, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക് പിന്നിലെ പ്രധാന ലക്ഷ്യം അവിടുത്തെ എണ്ണ സമ്പത്ത് കൈക്കലാക്കുക എന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
‘ലോക ഊർജ്ജ വിപണിയിൽ’ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ യുഎസ് ഏതറ്റം വരെയും പോകുമെന്ന് ലാവ്റോവ് ചൂണ്ടിക്കാട്ടി. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാനോ ഭരണാധികാരികളെ ഇല്ലാതാക്കാനോ പോലും അമേരിക്ക മടിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അമേരിക്ക അധികാര രാഷ്ട്രീയമാണ് പ്രയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
റഷ്യൻ സ്റ്റേറ്റ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് റഷ്യൻ വിദേശകാര്യ മന്ത്രി അമേരിക്കയുടെ ചെയ്തികളെക്കുറിച്ച് സംസാരിച്ചത്. അമേരിക്ക 'സ്വന്തം ക്ഷേമത്തിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്' എന്നും പ്രകൃതിവിഭവങ്ങളുള്ള രാജ്യങ്ങളിലെ ഭരണാധികാരികളെ 'അട്ടിമറികൾ, തട്ടിക്കൊണ്ടുപോകലുകൾ അല്ലെങ്കിൽ കൊലപാതകങ്ങൾ എന്നിങ്ങനെ ഏത് മാർഗത്തിലൂടെയും ഒതുക്കി തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ അവർ തയ്യാറാകും’ റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
യുഎസ് ഇപ്പോൾ തങ്ങളുടെ ലക്ഷ്യങ്ങൾ മറച്ചുവെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഊർജ വിപണിയിൽ അമേരിക്ക ഒരു 'ആധിപത്യ സിദ്ധാന്തം' (doctrine of dominance) പിന്തുടരുകയാണെന്നും പ്രധാന വിഭവങ്ങൾക്ക് മേൽ തങ്ങളുടെ നിയന്ത്രണം വിപുലീകരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വാദിച്ചു. ഇത്തരമൊരു സമീപനം അന്താരാഷ്ട്ര നിയമങ്ങളെ തകർക്കുന്നുവെന്നും ആഗോള കാര്യങ്ങൾ സ്ഥാപിത നിയമങ്ങളേക്കാൾ ഉപരിയായി കരുത്തിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെടുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഏറ്റുമുട്ടലിനേക്കാൾ ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎസിന്റെ നയതന്ത്ര സമീപനത്തെയും മുതിർന്ന റഷ്യൻ നയതന്ത്രജ്ഞൻ വിമർശിച്ചു. കരാറുകളിൽ നിന്ന് യുഎസ് പിന്മാറുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. മാറിക്കൊണ്ടിരിക്കുന്ന അമേരിക്കൻ നയങ്ങളിൽ നിന്നാണ് പലപ്പോഴും പിരിമുറുക്കങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ സംഘർഷം, യൂറോപ്പുമായുള്ള ഊർജ്ജ തർക്കങ്ങൾ എന്നിവയുൾപ്പെടെയുള്ള വിശാലമായ പ്രശ്‌നങ്ങളുമായി അദ്ദേഹം ഈ വിഷയത്തെ ബന്ധിപ്പിച്ചു.
റഷ്യൻ ഊർജത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഖ്യകക്ഷികളെ അമേരിക്ക പ്രേരിപ്പിക്കുന്നുവെന്നും 'കൊളോണിയൽ കാലഘട്ടത്തെ' അനുസ്മരിപ്പിക്കുന്ന നയങ്ങളാണ് അവർ പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുഎസ്-ഇറാൻ സംഘർഷം ലഘൂകരിക്കുന്നതായി പാകിസ്താനിൽ പുതിയ നയതന്ത്ര ശ്രമങ്ങൾ നടന്നുവരുന്ന സാഹചര്യത്തിലാണ് ലാവ്റോവിന്റെ ഈ പരാമർശങ്ങൾ വരുന്നത്.
Content Highlights: Lavrov alleges US uses aggressive tactics to control global oil resources. US actions in Iran and Venezuela are framed as part of an energy dominance doctrine. Russia criticizes US diplomatic inconsistencies and colonial-era policies. Geopolitical tension remains high amidst ongoing diplomatic talks in Pakistan.