ആണവായുധ ശേഖരം വിപുലീകരിച്ച് ‌ഉത്തരകൊറിയ; പ്ലാന്റും പോർമുനകളും സന്ദർശിച്ച് കിം, യു.എസിന് വെല്ലുവിളി

#ന്യൂസ് ഡെസ്ക്
Photo: 'X' @ArmsControlWonk
Photo: 'X' @ArmsControlWonk

പ്യോങ്യാങ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചർച്ചകൾക്കായുള്ള നീക്കങ്ങൾ തള്ളിക്കളഞ്ഞതിന് പിന്നാലെ അണുബോംബുകൾ നിർമ്മിക്കുന്നതിനുള്ള വസ്തുക്കൾ ഉണ്ടാക്കുന്ന പ്ലാന്റും ആണവ പോർമുനകളും സന്ദർശിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഇനി ഒരിക്കലും ആണവായുധ ശേഷിയുള്ള രാജ്യമെന്ന പദവിയിൽ നിന്ന് ഉത്തര കൊറിയ പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായി ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കി.

നിരനിരയായി വെച്ചിരിക്കുന്ന ആണവ പോർമുനകൾ കിം പരിശോധിക്കുന്നതിന്റെ അവ്യക്തമായ ചിത്രങ്ങൾ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ പുറത്തുവിട്ടു. അമേരിക്ക-ഉത്തരകൊറിയ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളോട് കിം പ്രതികരിച്ചില്ലെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഉത്തര കൊറിയ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ആണവായുധങ്ങളെയാണ് ഭരണകൂടം ആശ്രയിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു പരസ്യ പ്രദർശനമായിട്ടാണ് ചിത്രങ്ങൾ വിലയിരുത്തപ്പെടുന്നത്.

"ഞങ്ങളുടെ ആണവശേഷി ഇപ്പോൾ ഒരു യാഥാർത്ഥ്യമായി മാറിയിരിക്കുന്നു" എന്ന് വ്യക്തമാക്കിയ കിം, ആണവായുധ ശേഷിയുള്ള രാജ്യമെന്ന പദവിയിൽ മാറ്റം വരുത്തില്ലെന്നും ശത്രുക്കളിൽ നിന്നുള്ള പ്രതിരോധത്തിന് ഈ ആയുധശേഖരം അത്യന്താപേക്ഷിതമാണെന്നും കൂട്ടിച്ചേർത്തു. ആണവായുധങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരിക്കുന്ന സൗകര്യം കിം പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങളും ഉത്തരകൊറിയ പുറത്തുവിട്ടു.

ദക്ഷിണ കൊറിയയ്ക്ക് ആണവ ശേഷിയുള്ള സബ്‌മറൈൻ സ്വന്തമാക്കാൻ അമേരിക്ക അനുമതി നൽകിയതായി കിം ആരോപിച്ചിരുന്നു. അമേരിക്കയുമായി ചർച്ചകൾക്ക് താൽപര്യം കാണിക്കാതെ ഉത്തരകൊറിയ ആണവായുധ ശേഷി വർധിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഉത്തരകൊറിയയുടെ ആണവായുധ പദ്ധതികൾ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇരുനേതാക്കളും മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ഈ ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായില്ല. അടുത്തിടെ നടത്തിയ ഏഷ്യൻ സന്ദർശനത്തിനിടെയും കിമ്മുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ് ശ്രമിച്ചിരുന്നു. എന്നാൽ, അമേരിക്കയ്ക്ക് അംഗീകരിക്കാനാകാത്ത ഉപാധികളാണ് ഉത്തരകൊറിയ മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ട്. ആണവായുധ പദ്ധതികൾ ഉപേക്ഷിക്കാൻ കിം ജോങ് ഉന്നിന് ഉദ്ദേശ്യമില്ലെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും വെളിപ്പെടുത്തിയിരുന്നു.

ഉത്തരകൊറിയയുടെ ആണവായുധ ശേഖരത്തിൽ ഗണ്യമായ വർധനവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019-ൽ 30 ആണവ പോർമുനകൾ ഉണ്ടായിരുന്ന രാജ്യത്ത് നിലവിൽ ഏകദേശം 60 എണ്ണമുണ്ടെന്നാണ് വിലയിരുത്തൽ. അമേരിക്കൻ ഭൂപ്രദേശത്തുവരെ ആക്രമണം നടത്താൻ ശേഷിയുള്ളതും വിക്ഷേപണത്തിന് മുമ്പ് കണ്ടെത്താൻ പ്രയാസമുള്ളതുമായ ഖര ഇന്ധന അധിഷ്ഠിത ബാലിസ്റ്റിക് മിസൈലുകളും ഉത്തരകൊറിയ വികസിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്