വധഭീഷണി: ഖമീനി ബങ്കറില്‍, പരമോന്നത നേതൃസ്ഥാനത്തേക്ക് 3 പേരെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ വധഭീഷണികളെ തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി ബങ്കറില്‍ അഭയം തേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉന്നതസൈനിക ഉദ്യോഗസ്ഥര്‍ക്ക് പകരം പുതിയ നിയമനങ്ങള്‍ക്കുള്ള നടപടികള്‍ ഖമീനി ആരംഭിച്ചതായി ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ തന്റെ പിന്‍ഗാമിയായി മൂന്ന് പേരെ ഖമീനി നാമനിര്‍ദേശം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ഖമീനിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഖമീനി പരമോന്നത നേതൃസ്ഥാനത്തേക്ക് എത്തിയേക്കാമെന്നുള്ള നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളെ തള്ളിയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഖമീനി തിരഞ്ഞെടുത്ത വ്യക്തികളുടെ പട്ടികയില്‍ മൊജ്താബയുടെ പേര് ഉള്‍പ്പെടുന്നില്ലെന്നാണ് സൂചന. ഇസ്രയേല്‍ അല്ലെങ്കില്‍ യുഎസ് തന്നെ വധിക്കാന്‍ സാധ്യതയുണ്ടെന്നും അത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍ താന്‍ രക്തസാക്ഷിത്വം വരിക്കുന്നതായി എണ്‍പത്തിയാറുകാരനായ ഖമീനി കരുതുന്നതായും ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ പരമോന്നതനേതാവിനെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്ട്‌സിന് എത്രയും വേഗം പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടി പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം ഖമീനി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
സാധാരണഗതിയില്‍ പുതിയ നേതാവിന്റെ തിരഞ്ഞെടുക്കല്‍ മാസങ്ങള്‍ നീളാറുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ത്വരിതവും നിയന്ത്രിതവുമായ ഒരു നേതൃത്വമാറ്റം ഉറപ്പാക്കാനാണ് ഖമീനി ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇസ്ലാമിക് റിപ്പബ്ലിക്കിനേയും സ്വന്തം പാരമ്പര്യത്തേയും ഏതുവിധേനയും സംരക്ഷിക്കുകയാണ് ഖമീനിയുടെ ലക്ഷ്യം. ഭരണമാറ്റം ഉണ്ടാകരുതെന്ന് ഖമീനി ആഗ്രഹിക്കുന്നതായാണ് ലഭ്യമായ സൂചനകള്‍. രാഷ്ട്രത്തിന്റെ സംരക്ഷണത്തിനാണ് ഖമീനി പ്രാഥമിക പരിഗണന നല്‍കുന്നതെന്നും അതിനായി ഖമീനിയ്ക്ക് വ്യക്തമായ കണക്കുകൂട്ടലുകളുണ്ടെന്നും പ്രമുഖ ഇറാനിയന്‍ വിദഗ്ധനും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ വാലി നസര്‍ പറഞ്ഞു.
Content Highlights: Iran`s Supreme Leader Khamenei seeks bunker safety following Israeli death threats