US ആക്രമണത്തെ അപലപിച്ച് പുതിൻ, കൂടിക്കാഴ്ച നടത്തി ഇറാൻ മന്ത്രി; സംഘർഷത്തിൽ റഷ്യയുടെ ഇടപെടലുണ്ടാകുമോ?

മോസ്‌കോ: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം പശ്ചിമേഷ്യയിലാകെ സംഘർഷാത്മക അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒരാഴ്ച പിന്നിട്ടതിനു പിന്നാലെ കഴിഞ്ഞദിവസം അമേരിക്ക ഇറാനെതിരേ ആക്രമണം നടത്തിയതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിദേശകാര്യമന്ത്രി അബ്ബാസ് അറഖ്ച്ചിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും തമ്മിലുള്ള കൂടിക്കാഴ്ച. വിഷയത്തിൽ റഷ്യയുടെ സജീവ ഇടപെടൽ ഉണ്ടാകുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.
യുഎസിന്റെ ബി-2 സ്റ്റെല്‍ത്ത് സ്പിരിറ്റ് ബോംബര്‍ വിമാനങ്ങള്‍ കഴിഞ്ഞദിവസം ഇറാനിലെ ആണവകേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. പിന്നാലെ തിങ്കളാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍, ഇറാനിലെ ആറ് വ്യോമതാവളങ്ങളിലും ഐആര്‍ജിസി ആസ്ഥാനത്തും ആക്രമണം നടത്തി. നൂറോളം ഐആര്‍ജിസി അംഗങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.
സംഘര്‍ഷം രൂക്ഷമായ പശ്ചാതലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനില്‍നിന്ന് കൂടുതല്‍ സഹായം അഭ്യര്‍ഥിക്കാനുള്ള ഒരുക്കത്തിലാണ് ഇറാന്‍. ഇതിനായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമീനി, തന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അറഖ്ച്ചിയെ ക്രെംലിനിലേക്ക് അയച്ചിരിക്കുകയാണ്. അബ്ബാസ് റഷ്യയിലെത്തി പുതിന് കൈക്കൊടുത്ത് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ഇര്‍ന' പുറത്തുവിട്ടു. ഇറാന് ആണവ യുദ്ധോപകരണങ്ങള്‍ നല്‍കാന്‍ നിരവധി രാജ്യങ്ങള്‍ തയ്യാറാണെന്ന് റഷ്യന്‍ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിനുമായുള്ള ഇറാന്‍ മന്ത്രിയുടെ കൂടിക്കാഴ്ച.
ഇസ്രയേലും യുഎസും നടത്തിയ ആക്രമണങ്ങളില്‍ റഷ്യ അപലപിച്ചിട്ടുണ്ടെങ്കിലും, ഇറാന് ഇതുവരെ സൈനിക സഹായം വാഗ്ദാനം ചെയ്തിട്ടില്ല. റഷ്യയുടെ ഇതുവരെയുള്ള പിന്തുണയില്‍ ഇറാന് അതൃപ്തിയുണ്ട്. ഇസ്രയേലിനും യുഎസിനുമെതിരേ കൂടുതല്‍ പിന്തുണയും സഹായങ്ങളും നല്‍കാന്‍ പുതിനെ നേരിട്ടുകണ്ട് ആവശ്യപ്പെടുകയാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഇക്കാര്യം പ്രതിപാദിച്ചുകൊണ്ടുള്ള ഖമേനിയുടെ കത്ത് പുതിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാനും ഇസ്രയേലിനുമിടയില്‍ സംഘര്‍ഷത്തിന് അറുതിവരുത്താന്‍ മധ്യസ്ഥതവഹിക്കാമെന്ന ആശയം നേരത്തേ പുതിന്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ഇത് യുഎസ് തള്ളിയതോടെ തങ്ങള്‍ ഒരുതരത്തിലും മധ്യസ്ഥത വഹിക്കുന്നില്ലെന്നും ആശയങ്ങള്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിനിടെ പുതിന്‍ പറഞ്ഞു. ആ ആശയങ്ങള്‍ ഇരുവിഭാഗത്തിനും ഇഷ്ടപ്പെട്ടാല്‍ താന്‍ സന്തോഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരേ ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടി സ്വീകരിക്കുന്നതിനെതിരേ യുഎസിന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു യുഎസിന്റെ ആക്രമണം. യുഎസ് കടന്നുകയറ്റത്തെ 'നിരുത്തരവാദപരം' എന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചത്.
അതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ വധിക്കാനും ഭരണമാറ്റം നടത്താനുമുള്ള സാധ്യതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേലും പരസ്യമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ഇത് സംഭവിച്ചാല്‍ പശ്ചിമേഷ്യ കൂടുതൽ കലുഷികമാകും. അങ്ങനെ സംഭവിക്കുന്നത് തടയാൻ റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് ഇറാന്‍ ചെയ്യുന്നത്. എന്നാല്‍, നിലവില്‍ യുക്രൈനുമായി ദീര്‍ഘകാല സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന റഷ്യ, യുഎസുമായി ഒരു ഏറ്റുമുട്ടലിന് തയ്യാറാവില്ലെന്നും വിലയിരുത്തുന്നവരുണ്ട്.
Content Highlights: Khamenei asks Putin for more assistance sent Seyed Abbas Araghchi